കുറ്റ്യാടി: ഏഴ് പതിറ്റാണ്ട് കാലം കിഴക്കൻ മലയോരത്തെ കോൺഗ്രസിന്റെ കരുത്തുറ്റ കാരണവരും കോഴിക്കോട് ഡി.സി.സി അംഗവുമായിരുന്ന മരുതോങ്കരയിലെ മത്തത്ത് കണാരൻ നവതി ആഘോഷത്തിന് മുമ്പേ യാത്രയായി. ഇന്നലെ ഉച്ചയ്ക്ക് പേരാമ്പ്ര ഇ. എം.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. ജീവിതകാലം മുഴുവൻ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കും മരുതോങ്കര ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനും മുന്നണി പോരാളിയായിരുന്നു കണാരൻ. ഇരുപത് വർഷത്തിലധികം കോൺഗ്രസ് മരുതോങ്കര മണ്ഡലം കമ്മിറ്റിയുടെ അമരക്കാരനായും പഞ്ചായത്ത് അംഗമെന്ന നിലയിൽ 1983 മുതൽ 1988 വരെ മുള്ളൻകുന്ന് വാർഡിനെയും പ്രതിനിധീകരിച്ചു. മരുതോങ്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി സ്ഥലം വാങ്ങുന്നതിനും മത്തത്ത് മുൻനിരയിലായിരുന്നു. തികഞ്ഞ കർഷകനായി മലയോര ജനങ്ങളുടെ ഇടയിൽ ജീവിക്കുകയായിരുന്നു ഇദ്ദേഹം. നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു മത്തത്ത്. മത്തത്ത് കണാരന്റെ വിയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദീഖ്, കേരള കോൺഗ്രസ് ( എം) ജില്ല പ്രസിഡന്റ് പി.എം.ജോർജ്, യു.ഡി.എഫ് നാദാപുരം നിയോജക മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി.ജയിംസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.