കോഴിക്കോട്: തെരുവിന്റെ മക്കൾക്ക് പുനരധിവസമൊരുക്കി മാങ്കാവിൽ ഉദയം ഹോം മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടം പുലർത്തുന്ന മാനുഷിക നിലപാടിന്റെ പ്രതിഫലനമാണ് ഉദയം ഹോമെന്ന് മന്ത്രി പറഞ്ഞു. താത്ക്കാലിക സംവിധാനമായാണ് കേന്ദ്രം തുടങ്ങിയിട്ടുള്ളത്. ഇവിടുത്തെ അന്തേവാസികൾക്ക് സുരക്ഷിതമായ സ്ഥിരം കേന്ദ്രം ഒരുക്കും. തൊഴിൽ ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോർപ്പറേഷൻ എന്നിവയുടെ നേതൃത്വത്തിൽ തണൽ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിച്ചത്. എ.പ്രദീപ്കുമാർ എം. എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സാംബശിവറാവു, വാർഡ് കൗൺസിലർ പി.പി.ഷഹീദ തുടങ്ങിയവർ പങ്കെടുത്തു.