കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കണ്ണഞ്ചേരി (38ാം വാർഡ്) കണ്ടെയ്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ ശുപാർശ പ്രകാരമാണ് പ്രഖ്യാപനം. കണ്ണഞ്ചേരി മേഖലയിൽ ഉറവിടമറിയാത്ത മൂന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് രാത്രി വൈകി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

മേഖലയിൽ ഗതാഗതം പൂർണമായും നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വാഹനത്തിന് നിരോധനം ബാധകമല്ല.

വൈദ്യസഹായത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. വാർഡിൽ നിന്ന് പുറത്തുപോകുന്നതും പ്രവേശിക്കുന്നതും നിരോധിച്ചു.

ഭക്ഷ്യവസ്തുക്കൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവയല്ലാതെ മറ്റ് കടകൾ തുറക്കാൻ പാടില്ല. രാവിലെ 8 മുതൽ 5 മണി വരെ മാത്രമാണ് പ്രവർത്തന സമയം. മത്സ്യ-മാംസ മാർക്കറ്റുകൾ തുറക്കാൻ പാടില്ല. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ യാത്ര പൂർണമായും നിരോധിച്ചു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.