നാദാപുരം: വിലങ്ങാട് കബിളിപ്പാറയിലെ വീട്ടിൽ നിന്ന് കാണാതായ 60കാരനെ ക്ഷേത്ര പരിസരത്തെ ഒഴിഞ്ഞ പറമ്പിൽ കണ്ടെത്തി . ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് കമ്പിളിപ്പാറ കരുവാൻകണ്ടിയിൽ കുമാരനെ കാണാതാവുന്നത്. രാത്രിമുതൽ നാട്ടുകാർ അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. കല്ലാച്ചിയിൽ നിന്നെത്തിയ അഗ്‌നിശമന സേന സ്റ്റേഷൻ ഓഫീസർ ബാസിത്തിന്റെ നേതൃത്വത്തിൽ തോടുകളും പരിസരത്തെ കിണറുകളും പരിശോധിച്ചിരുന്നു. ഇന്നലെ രാവിലെ മുതൽ നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസ് ഡോഗ് സ്‌ക്വാഡും ദുരന്തനിവാരണ പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ചേലേലക്കാവ് ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ അവശനായി കണ്ടെത്തിയത്. നാദാപുരം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.