കൽപ്പറ്റ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യ കിറ്റ് വിതരണം ജില്ലയിൽ തുടങ്ങി. ജില്ലയിലെ 85,772 വിദ്യാർത്ഥികൾക്കാണ് സപ്ലൈകോ വഴി കിറ്റുകൾ വിതരണം ചെയ്യുന്നത്.
പ്രീ പ്രൈമറി മുതൽ ഏട്ടാം ക്ലാസ് വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് ലഭിക്കുക. ഏപ്രിൽ,മേയ് മാസങ്ങളിലെ അവധി ദിവസങ്ങൾ ഒഴിവാക്കിയുളള ദിവസങ്ങളിൽ നൽകേണ്ടിയിരുന്ന ഭക്ഷ്യധാന്യവും പാചകവാതക ചെലവിനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് നൽകുന്നത്. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് 1.2 കിലോഗ്രാം അരിയും പ്രൈമറി വിഭാഗത്തിന് നാല് കിലോ അരിയും അപ്പർ പ്രൈമറി വിഭാഗത്തിന് ആറ് കിലോ അരിയും ലഭിക്കും. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട,ഉപ്പ് തുടങ്ങിയ ഒമ്പത് ഇനങ്ങൾ അടങ്ങിയതാണ് പലവ്യഞ്ജനങ്ങൾ. എടയൂർക്കുന്ന് ഗവ. എൽ.പി. സ്‌ക്കൂളിൽ നടന്ന ഭക്ഷ്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഒ.ആർ കേളു എം.എൽ.എ മദർ പി.ടി.എ പ്രസിഡന്റ് സുജ കുമാറിന് നൽകി നിർവ്വഹിച്ചു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ സാലി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ എ.അബ്ദുൾ റസാഖ്, പി.ടി.എ എക്സിക്യുട്ടീവ് അംഗം കെ.രതീഷ്, അദ്ധ്യാപകരായ ടി.മധു, എ.ബി സിനി, ബിജി പോൾ, നിഷ പോൾ, സൂര്യ സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എൻ.രേഖ തുടങ്ങിയവർ സംസാരിച്ചു. സുൽത്താൻ ബത്തേരി ബീനാച്ചി ഗവ.ഹൈസ്‌കൂളിൽ നടന്ന കിറ്റ് വിതരണം നഗരസഭാ ചെയർമാൻ ടി.എൽ സാബു നിർവ്വഹിച്ചു.
വാർഡ് കൗൺസിലർ ഷബീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ സഹദേവൻ, എ.ഇ.ഒ കെ.കെ സനൽ കുമാർ, സീനിയർ അസിസ്റ്റന്റ് കെ.പി സാബു, നൂൺമീൽ ഓഫീസർ ദിലീപ്, സപ്ലൈകോ മാനേജർ ഷൈൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.