കോഴിക്കോട്: ചെറുവാടിയിലെ തറമ്മൽ ആലിക്കുട്ടിയും അനിയൻ കുട്ടൂസയും ഒരു തോണി നിർമ്മിക്കണമെന്ന് പറഞ്ഞപ്പോൾ ആശാരിയായ താഴെതൈയിൽ അഹമ്മദ് കുട്ടി ചോദിച്ചു, എന്താകാര്യം?
ഇനിയൊരു പ്രളയം വന്നാൽ, കഴിഞ്ഞ തവണത്തെപ്പൊലെ അനുഭവിക്കാൻ വയ്യ. മുങ്ങി നിറഞ്ഞ വീടിന്റെ ടെറസിൽ മരണം മുന്നിൽ കണ്ട് രക്ഷകരെയും കാത്തിരുന്നത് മണിക്കൂറുകളാണ്...
അഹമ്മദ് കുട്ടിക്കും തോന്നി ശരിയാണല്ലോ. കഴിഞ്ഞ പ്രളയകാലത്ത് ഗ്രാമത്തെയാകെ മുക്കിയ ചാലിയാറിന്റെ ഭീകരരൂപം താനും കണ്ടതും അനുഭവിച്ചതുമാണ്. ശ്രമിക്കാമെന്ന് പറഞ്ഞ അഹമ്മദ് കുട്ടി തോണിപ്പണിയ്ക്കായി ഉളി കൈയിലെടുത്തു. ആവശ്യക്കാരില്ലാത്തതിനാൽ 25 വർഷം മുമ്പ് നിറുത്തിയ പണിയാണ്. കാര്യമറിഞ്ഞപ്പോൾ ആവശ്യക്കാർ കൂടി.
തേക്കും പ്ലാവും കൊണ്ടെല്ലാം തോണി ഉണ്ടാക്കിയിട്ടുള്ള അഹമ്മദ് കുട്ടി ഇത്തവണ തിരഞ്ഞെടുത്തത് ഭാരം കുറഞ്ഞ മഹാഗണിയാണ്. ആറ് ദിവസത്തെ പണി. നാല് പേർക്ക് സഞ്ചരിക്കാം.
ഫൈബർ കോട്ടിംഗ് ചെയ്ത് ആദ്യത്തെ തോണി കഴിഞ്ഞ മാസം ചാലിയാറിൽ ഇറക്കി. 15 വീട്ടുകാർക്കായി തോണി നിർമ്മിച്ചു. അൻപതോളം വീടുകളിൽ ഇപ്പോൾ സ്വന്തമായി ബോട്ടോ തോണിയോ ഉണ്ട്.പഴയ തോണിയും ബോട്ടും വാങ്ങിയവരുമുണ്ട്. മറ്റുള്ളവരും ഒരെണ്ണം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ഗ്രാമത്തിൽ ഇരുന്നൂറ് വീടുണ്ട്. പ്രദേശം ഉൾക്കൊള്ളുന്ന കൊടിയത്തൂർ പഞ്ചായത്തും തോണി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
വ്യാപാരിയായ സക്കീർ ഹുസൈൻ കൊളക്കാടന് വേണ്ടി രണ്ട് തോണിയാണ് ഇപ്പോൾ പണിയുന്നത്. ഒന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്കും മറ്റൊന്ന് നാട്ടുകാർക്കും. സമീപ പ്രദേശത്തെ ആശാരിമാരും ചെറുവാടിക്കാർക്ക് തോണി നിർമ്മിക്കുന്ന തിരിക്കിലാണ്. 'വീട്ടിലൊരു തോണി നാടിന്റെ ആശ്വാസം' എന്നാണ് ചെറുവാടിക്കാർ പറയുന്നത്.
35,000 രൂപ
ഒരു തോണി നിർമിക്കാൻ ചെലവ്. നാലു പേർക്ക് സഞ്ചരിക്കാം
പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ്. അതുകൊണ്ടാണ് തോണി ഉണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ ശ്രമിക്കാമെന്ന് പറഞ്ഞത്".
-താഴെതൈയിൽ അഹമ്മദ് കുട്ടി
(തോണി പണിയുന്നയാൾ)
വീടിന്റെ താഴെ നിലയിൽ മുഴുവനും വെള്ളം കയറി. വീടിന്റെ മുകളിൽ രാവിലെ മുതൽ കാത്തുനിന്നവരെ രക്ഷിക്കാൻ ബോട്ടുകൾ എത്തിയത് വൈകിട്ടാണ്"
- സക്കീർ ഹുസൈൻ കൊളക്കാടൻ (തോണി ഉടമ)
,