harisanker പി.ടി.എ റഹീം എം.എൽ.എ ഹരിശങ്കറിന്റെ കുഞ്ഞൻ യന്ത്രം കാണാനെത്തിയപ്പോൾ

കുന്ദമംഗലം: കൊവിഡ് വ്യാപനം തടയാൻ സാനിറ്റൈസർ കൊണ്ട് കൈ ശുചീകരിക്കാം. പക്ഷെ,​ പലരും സ്പർശിക്കുന്ന സാനിറ്റൈസർ കുപ്പിയിൽ നിന്നും കൊവിഡ് പകർന്നാലോ. ലോകം തലപുകഞ്ഞ് ആലോചിക്കുമ്പോൾ കുന്ദമംഗലം പിലാശ്ശേരിയിലെ എട്ടാം ക്ലാസുകാരൻ ഉത്തരം നൽകി,​ ഫൂട്ട് ഓപ്പറേറ്റഡ് സാനിറ്റൈസർ. കാലുകൊണ്ട് സ്പർശിച്ചാൽ കൈകളിൽ സാനിറ്റൈസർ ഇറ്റുവീഴും. പി.വി.സി പൈപ്പ് കൊണ്ടുള്ള ഹരിശങ്കറിന്റെ കണ്ടുപിടുത്തം ഒടുവിൽ നാട് അംഗീകരിക്കുകയാണ്.

സ്കൂളൊന്നും ഇല്ലാത്ത കാലത്ത് ഹരിശങ്കർ കളത്തിൽ ഇറങ്ങിയതോടെ എം.വി.ആർ കാൻസർ സെന്ററും കോഴിക്കോട് കോ ഒാപ്പറേറ്റീവ് ആശുപത്രിയും ആവശ്യക്കാരായെത്തി. ഇതോടെ സഹോദരങ്ങളായ ഗൗരിനന്ദയെയും കാശിനാഥിനെയും കൂട്ടി പണിപ്പുരയിലാണ് ഈ മിടുക്കൻ.

മാതാപിതാക്കളുടെയും അമ്മാവൻ കണ്ണന്റെയും പിന്തുണയോടെ മൂന്നെണ്ണമായിരുന്നു ആദ്യം നിർമ്മിച്ചത്. ക‌ൗതുകത്തിന് തുടങ്ങിയതാണെങ്കിലും ആവശ്യക്കാർ ഏറിയതോടെ വിൽപ്പന സജീവമാക്കുകയാണ്. ഇതിനിടെ പി.ടി.എ റഹീം എം.എൽ.എ നേരിട്ടെത്തി അഭിനന്ദിക്കുകയും ചെയ്തു.

ഡിസ്പോസിബിൾ ഗ്ളാസ് ഉപയോഗിച്ചുള്ള ലാമ്പ് അടക്കം ഒട്ടേറെ വസ്തുക്കൾ മുൻപ് തയ്യാറാക്കിയിട്ടുണ്ട്. പൊൻമഞ്ചേരിക്കുഴിയിലെ അനുപമ-രാജേഷ് ദമ്പതികളുടെ മകനായ ഹരിശങ്കർ ചെത്തുക്കടവ് കെ.പി.സി.എം ശ്രീ നാരായണ വിദ്യാലയത്തിലാണ് പഠിക്കുന്നത്.