കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹാർബറുകൾ ഇന്ന് അടച്ചിടും. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാല ഫിഷിംഗ് ഹാർബറുകളിലും ഫിഷ് ലാൻഡിംഗ് സെന്ററുകളിലും ഞായറാഴ്ചകളിൽ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്ടർ എസ്. സാംബശിവ ഉത്തരവിറക്കി.
ഇനി ഒരു ഉത്തരവുണ്ടാവുന്നത് വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി നൽകുന്ന പാസ്, ബാഡ്‌ജ്, തിരിച്ചറിയൽ കാർഡുള്ള മത്സ്യത്തൊഴിലാളികൾക്കും വ്യാപാരികൾക്കും ചെറുകിട വ്യപാരികൾക്കും മാത്രമേ പ്രവേശനമുള്ളൂ. ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പാസ് ഉറപ്പാക്കണം. ഹാർബറിനകത്ത് ഒരു മീറ്റർസാമൂഹിക അകലം പാലിച്ചേ പ്രവേശനം അനുവദിക്കു. ഈ നിയന്ത്രണങ്ങൾക്ക് പൊലീസ് സോണായി തിരിച്ച് ബാരിക്കേഡുകൾ സ്ഥാപിക്കണം.
ഹാർബർ മാനേജ്‌മെന്റ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ നടപടികൾ സ്വീകരിക്കും. ജില്ലാ കളക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് / ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടികൾ ഏകോപിപ്പിക്കും.