കോഴിക്കോട്: രാഷ്ട്രീയ കൊറോണ ബാധിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.

യുവമോർച്ച പ്രവർത്തകർക്ക് നേരെയുണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി രാജിവച്ചാൽ മാത്രമെ ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാദ്ധ്യതയുള്ളൂ. സ്വർണക്കടത്ത് കേസിലെ പ്രതി താക്കോൽ സ്ഥാനത്ത് ഇരുന്നത് എങ്ങനെയെന്ന് വ്യക്തമാക്കണം. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്ത് വിടണം. കൊവിഡിന്റെ പേര് പറഞ്ഞ് ഭയപ്പെടുത്തേണ്ട. മുഖ്യമന്ത്രി രാജി വയ്ക്കുന്നത് വരെ സമരം ചെയ്യും. ആഗോള ഭീകരതയുമായി ബന്ധമുള്ള കേസാണിത്. രാജ്യത്തിന്റെ സുരക്ഷതത്വത്തിന് ഭീഷണി ഉയർത്തുന്ന വിഷയത്തിൽ സമരം ചെയ്യാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് പ്രസംഗിച്ചു. എം.മോഹൻ, എം.രാജീവ്, ഇ.പ്രശാന്ത്കുമാർ, ജയ സദാനന്ദൻ, ടി.പി.സുരേഷ്, രജനീഷ് ബാബു, പി.ബാലസോമൻ, ബി.കെ.പ്രേമൻ തുടങ്ങിയവർ പങ്കെടുത്തു.