കോഴിക്കോട്: ജില്ലയിലെ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ചാത്തമംഗലം എൻ.ഐ.ടി എം.ബി.എ ഹോസ്റ്റലിൽ തു
ടങ്ങി. മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുജനാരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവർത്തനങ്ങൾ അഭിമാനാർഹമാണെന്നും കൊവിഡിനെ വേരോടെ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാലും ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് പൂർണമായും സജ്ജമാണ്. എല്ലാ സംവിധാനങ്ങളോടും കൂടി 380 കിടക്കകളാണ് രണ്ടാമത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്ന് തയ്യാറാക്കിയ കേന്ദ്രം ബീച്ച് ജനറൽ ആശുപത്രിയുടെ കീഴിലാണ് പ്രവർത്തിക്കുക. നഴ്‌സിംഗ് സ്റ്റേഷൻ, കഫ്‌റ്റീരിയ, റീക്രിയേഷൻ റൂം എന്നിവയുണ്ടാകും. കുടുംബശ്രീ വഴിയാണ് ഭക്ഷണം എത്തിക്കുക. സാമ്പിളുകൾ ശേഖരിക്കാനുള്ള സൗകര്യവുമുണ്ട്. ഒരു മുറിയിൽ രണ്ട് പേർക്ക് കഴിയാം. പി. ടി .എ റഹീം എം. എൽ. എ, ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ , ഡെപ്യൂട്ടി കളക്ടർ ഇ.അനിത കുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.