സുൽത്താൻ ബത്തേരി: കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തന്നെ തുരത്തി ഓടിക്കുമെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാക്ക് പാഴ്വാക്കായി മാറിയതോടെ ജനങ്ങൾ വനം വകുപ്പിനെതിരെ തിരിഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാനകൾ വീണ്ടും കൃഷിയിടത്തിലിറങ്ങിയതോടെയാണ് രോഷാകുലരായ കർഷകർ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചത്. മണിക്കൂറുകൾക്ക് ശേഷം വിവിധ സംഘടന നേതാക്കളും കർഷിക സമിതി നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെതുടർന്ന് വന്യമൃഗശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് വനം വകുപ്പ് നൽകിയ ഉറപ്പിൻമേലാണ് മുത്തങ്ങ റെയിഞ്ചർ, തോട്ടാമൂല ഡെപ്യുട്ടി റെയിഞ്ചർ എന്നിവരങ്ങുന്ന വനപാലക സംഘത്തെ വിട്ടയച്ചത്.
രൂക്ഷമായ കാട്ടാന ശല്യം നേരിടുന്ന ചീരാൽ വില്ലേജിലെ മുണ്ടകൊല്ലിയിലാണ് കർഷകരുടെ കൃഷിയിടത്തിൽ കാട്ടാന വീണ്ടും ഇറങ്ങിയതോടെ സ്ഥലത്തെത്തിയ വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസം മുണ്ടക്കൊല്ലിയിൽ രണ്ട് ആനകളാണ് കർഷകരുടെ കൃഷിയിടത്തിലിറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്.
മുണ്ടക്കൊല്ലിയിൽ രണ്ട് ആനകൾ വനം വകുപ്പിന്റെ ഗെയിറ്റ് ചവുട്ടിപ്പൊളിച്ച് ഈ പ്രദേശത്ത് നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ചീരാൽ വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ രൂക്ഷമായ ശല്യം തുടരുകയാണ്. ഇതേതുടർന്ന് പഴൂർ ഫോറസ്റ്റ് ഓഫീസിലേക്ക് സി.പി.എം,
കോൺഗ്രസ്സ്, കാർഷിക പുരോഗമന സമിതി എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു.
പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാമെന്ന വനം വകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതു കൊണ്ടാണ് നാട്ടുകാർ രോഷാകുലരായത്.
വനം വകുപ്പ് കുങ്കി ആനകളെ കൊണ്ടുവന്ന് നൂൽപുഴയിൽ ഇറക്കിവിട്ടെങ്കിലും ആന ശല്ല്യം കൂടുതലുള്ള മുണ്ടകൊല്ലിയിൽ കൊണ്ടുവന്നില്ല.
ഉപരോധസമരത്തെ തുടർന്ന് നടന്ന ചർച്ചയിൽ ഈ പ്രദേശങ്ങളിൽ അടിയന്തരമായി അടിക്കാട് വെട്ടാനും പൊട്ടിയ കമ്പികൾ വലിച്ച് കെട്ടാനും കാവൽക്കാരെ ഏർപ്പെടുത്താനും തീരുമാനമായി. കാട്ടാന ശല്ല്യം രൂക്ഷമായുള്ള പ്രദേശങ്ങളിൽ
കുങ്കി ആനയെ എത്തിക്കും. അടിയന്തരമായി ജാഗ്രത സമിതി കൂടി ശാശ്വതപരിഹാരത്തിന് വീണ്ടും ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തുവാനും തീരുമാനിച്ചു. ചർച്ചയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയ്,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ടി.ബേബി, സി.പി.എം നേതാവ് എം.എസ്.സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.