കോഴിക്കോട്: അങ്കണവാടി കുട്ടികൾക്കായി മിൽമ തയ്യാറാക്കുന്ന പോഷക പാനീയമായ 'മിൽമ മിൽക്ക് ഡിലൈറ്റ്'
കേടുവന്നതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. അൾട്രാ ഹൈ ടെമ്പറേച്ചർ സാങ്കേതിക വിദ്യയിലൂടെ ഉയർന്ന ഊഷ്മാവിൽ അണുവിമുക്തമാക്കിയ പാൽ വിറ്റാമിൻ എ.ഡി എന്നിവ ചേർത്ത് സമ്പുഷ്ടീകരിച്ച് പഞ്ചസാരയും പ്രകൃതിദത്ത രുചിയും ചേർത്താണ് മിൽക്ക് ഡിലൈറ്റ് തയ്യാറാക്കുന്നത്. ഇതിൽ കൃത്രിമ ചേരുവകളോ യാതൊരുവിധ പ്രിസർവേറ്റീവുകളോ ചേർക്കുന്നില്ല. 140 ഡിഗ്രി ഊഷ്മാവിൽ ചൂടാക്കി അണുവിമുക്തമാക്കി അഞ്ച് പാളികളിൽ പ്രത്യേകം പാക്ക് ചെയ്യുന്നതിലൂടെ സൂക്ഷ്മാണുക്കളുടെ പുന:പ്രവേശം സാധിക്കുകയില്ല. ഈ പാൽ 90 ദിവസം വരെ അന്തരീക്ഷ ഊഷ്മാവിൽ കേടുകൂടാതെയിരിക്കും. അതെസമയം വാഹനത്തിൽ കയറ്റി അയക്കുന്ന സമയത്തോ, വിതരണസമയത്തോ കൈകാര്യം ചെയ്യുമ്പോൾ പാക്കറ്റുകളിൽ ലീക്ക് സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ഇത്തരം വീർത്ത പാക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ മാറ്റി വാങ്ങണമെന്നും യാതൊരു കാരണവശാലും കുട്ടികൾക്ക് കൊടുക്കരുതെന്നും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. മാത്രമല്ല മലബാറിൽ കഴിഞ്ഞ രണ്ടുമാസക്കാലമായി അമ്പത് ലക്ഷം പാൽ പാക്കറ്റുകൾ വിതരണം ചെയ്തതിൽ കേടുവന്ന ഒറ്റ സംഭവം മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.