പേരാമ്പ്ര: വീടു കൈയേറിയ അക്രമി സംഘത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ വീട്ടമ്മയുൾപ്പെടെ നാലുപേർ ആശുപത്രിയിൽ. പരിക്കേറ്റ ആവള കുട്ടോത്ത് കേളോത്ത് സുരേഷ് (45), ഭാര്യ വിജില (40), മക്കളായ അഭിഷേക് (18), അലൻ (15) എന്നിവരാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷിന്റെ പരാതിയിൽ അയ്യപ്പൻകാവിൽ അഖിൽ (25), പുതിയോട്ടിൽ മീത്തൽ ആദർശ് (24), പുതിയോട്ടിൽ മീത്തൽ അഭിശാന്ത് (23), കുട്ടിക്കുന്നുമ്മൽ രതീഷ് (33), മാവിലി മീത്തൽ ലത്തീഫ് (35) എന്നിവർക്കെതിരെ മേപ്പയ്യൂർ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. തന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് ഭൂമിയിൽ കരനെൽ കൃഷിയ്‌ക്കായി നിലം ഒരുക്കുന്നതിന് പോയപ്പോൾ സുരേഷിനെ ഒരു സംഘം തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. അന്ന് വൈകിട്ടാണ് അക്രമിസംഘം സുരേഷിനെ വീടുകയറി മർദ്ദിച്ചത്. സുരേഷിനെയും കുടുംബത്തെയും മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.