മുക്കം: പഴകിയതും ഫോർമാലിൻ കലർന്നതുമായ മത്സ്യം കഴിച്ച് മുക്കത്തുകാർ ഇനി ആരോഗ്യം കളയേണ്ട. പെടപെടക്കുന്ന മീനുകൾ തരംപോലെ വാങ്ങാൻ സൗകര്യമൊരുങ്ങുന്നു. ആധുനിക മത്സ്യ കൃഷി രീതിയിലൂടെ നൂതന ഭക്ഷ്യസംസ്ക്കാരം വളർത്തിയെടുക്കുന്നത് മുക്കം നഗരസഭയാണ്. മത്സ്യവും സൂക്ഷ്മാണുക്കളും ഒരുമിച്ച് വളർത്തി ഉയർന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രായേൽ സാങ്കേതിക വിദ്യയായ ബയോഫ്ലോക്ക് മാതൃകയാണ് ഇതിനായി സ്വീകരിക്കുന്നത്. വിവിധ വാർഡുകളിലായി മുപ്പത് കർഷകരാണ് മത്സ്യ കൃഷി ചെയ്യാൻ മുന്നോട്ട് വന്നിരിക്കുന്നത്. കൊവിഡ് കാലത്ത് കടൽ മത്സ്യ ലഭ്യത കുറയുകയും നല്ല മത്സ്യങ്ങൾ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മത്സ്യ കൃഷിക്ക് സാദ്ധ്യത ഏറിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് മുക്കം നഗരസഭ ബയോഫ്ലോക്ക് വിദ്യ നടപ്പാക്കുക. ഇവയ്ക്ക് പുറമേ വീട്ടുവളപ്പിലെ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മുക്കം നഗരസഭയ്ക്ക് പദ്ധതിയുണ്ട്. നഗരസഭയിലെ ആദ്യ ബയോഫ്ലോക്ക് നിർമ്മിക്കുന്ന അഗസ്ത്യൻമുഴിയിലെ ജെയിംസ് കോണിക്കലിന്റെ ഫാം നഗരസഭ ചെയർമാൻ വി.കുഞ്ഞൻ, വികസന കാര്യസ്ഥിരം സമിതി ചെയർമാൻ കെ.ടി.ശ്രീധരൻ, സെക്രട്ടറി എൻ.കെ.ഹരീഷ് എന്നിവർ സന്ദർശിച്ചു.
ലാഭകരം കൃഷി രീതി
ഭൂനിരപ്പിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ ഇരുമ്പ് ഫ്രെയിം ഒരുക്കി നൈലോൺ ഷീറ്റ് വിരിച്ചാണ് ടാങ്ക് നിർമ്മാണം. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയും വിധമാണ് ടാങ്കിന്റെ ഡിസൈൻ. മത്സ്യങ്ങൾക്ക് ഓക്സിജൻ ഉറപ്പാക്കാനുള്ള ഏയിറേറ്റഡ് മോട്ടോറും പ്രവർത്തിക്കാൻ ആവശ്യമായ ഇൻവെർട്ടർ യൂണിറ്റും സ്ഥാപിക്കേണ്ടതുണ്ട്. കാൽ സെന്റ് സ്ഥലത്ത് 1200 മത്സ്യങ്ങളെ വരെ വളർത്താം. ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാൻ തീറ്റ, മത്സ്യകുഞ്ഞിന്റെ വില, വൈദ്യുതി ചാർജ്, പരിപാലനം എന്നിവ ചേർന്ന് 70-80 രൂപ ചെലവ് വരും . ഒരു ടാങ്കിൽ നിന്ന് 350 മുതൽ 450 കിലോ വരെ ഉത്പാദനം ലഭിക്കും. മത്സ്യങ്ങളെ ജീവനോടെ കൃഷിയിടത്തിൽ നിന്ന് വിൽക്കുമ്പോൾ കിലോയ്ക്ക് കുറഞ്ഞത് 250 രൂപ ലഭിക്കും. ഒരു യൂണിറ്റ് ആരംഭിക്കാൻ ഒരു ലക്ഷത്തി മുപ്പത്തെട്ടായിരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിൽ 55200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകും. കർഷകർക്കുള്ള പരീശിലനവും സാങ്കേതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ഗിഫ്റ്റ് തിലാപിയ ഇനമാണ് പ്രധാനമായും കൃഷിചെയ്യുന്നത്. വനാമി ചെമ്മീൻ, വാള, ആനബസ്, നട്ടർ, കാരി, രോഹു മുതലായ മത്സ്യങ്ങളും കൃഷി ചെയ്യാം .
ബയോഫ്ളോക്ക് രീതി
മത്സ്യങ്ങൾക്കുള്ള തീറ്റയുടെ ബാക്കിയും കാഷ്ടത്തിലെ ഖര മാലിന്യവും ഭക്ഷണമാക്കുന്ന ലാക്ടോ ബാസിലസ് എന്ന ഒരിനം ബാക്റ്റീരിയയെ ടാങ്കിൽ മത്സ്യങ്ങൾക്കൊപ്പം വളർത്തുകയാണ് ബയോഫ്ളോക്ക് രീതി. വെള്ളം ശുദ്ധമായി സൂക്ഷിക്കുന്ന ഈ ബാക്റ്റീരിയ മത്സ്യങ്ങളുടെ ഇഷ്ട ഭക്ഷമാണ്. തീറ്റയിനത്തിൽ മുപ്പതു ശതമാനം വരെ ലാഭം കർഷകന് ലഭിക്കും.