കുറ്റ്യാടി: കേരകർഷകരുടെ പ്രതീക്ഷ തകർത്ത് കുറ്റ്യാടി തേങ്ങയുടെ ആവശ്യകത ഇടിയുന്നു. ഗുണമേന്മയേറിയ തേങ്ങയിൽ കർണ്ണാടകയിൽ നിന്നെത്തുന്ന വില കുറഞ്ഞ തേങ്ങ ചേർത്ത് വിൽക്കുന്നതാണ് പ്രതിസന്ധിയായത്. വില കൂടുതലാണെങ്കിലും സംസ്‌കരിച്ചാൽ കൂടുതൽ എണ്ണ ലഭിക്കുന്നതായിരുന്നു കുറ്റ്യാടി തേങ്ങയുടെ പ്രത്യേകത. എന്നാൽ ഗുണമേന്മ കുറഞ്ഞ കർണ്ണാടകയിലെ തേങ്ങ ചേർത്ത് വിൽക്കുന്നത് ദുഷ്പേരായി മാറി.
തമിഴ്‌നാട്ടിലെ ബിസ്‌ക്കറ്റ് ഉത്പാദന കമ്പനികൾ പോലും കുറ്റ്യാടി തേങ്ങയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സമീപ കാലത്ത് കൊപ്രയാക്കുമ്പോൾ തൂക്കക്കുറവ് കണ്ടതോടെ ഇവരുടെ താത്പര്യത്തിന് മങ്ങലേറ്റു. ഇതോടെ പല മൊത്ത കച്ചവടക്കാരും വലിയ വിലക്ക് കുറ്റ്യാടി തേങ്ങ വാങ്ങാൻ മടിക്കുകയാണ്. കുറ്റ്യാടി തെങ്ങുകൾ വ്യാപകമായി കൃഷി ചെയ്യുന്ന കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുറ്റ്യാടി, കുന്നുമ്മൽ, മേഖലകളിലെ കർഷകർ ഇതോടെ ആശങ്കയിലാണ്.
കർണാടക തേങ്ങ
വലിപ്പം- കൂടുതൽ
വെളിച്ചെണ്ണ- കുറവ്
വില- 23.50 (കിലോ)
100 കിലോ തേങ്ങ ഉണക്കിയാൽ ലഭിക്കുന്ന കൊപ്ര- 25 കിലോ
കുറ്റ്യാടി തേങ്ങ
വലിപ്പം- കുറവ്
വെളിച്ചെണ്ണ- കൂടുതൽ
വില- 32(കിലോ)
100 കിലോ തേങ്ങ ഉണക്കിയാൽ ലഭിക്കുന്ന കൊപ്ര- 33 കിലോ
കർഷകരുടെ പ്രതിസന്ധി
തൊഴിലാളികളുടെ ക്ഷാമം
ഒരു തെങ്ങ് കയറാൻ കൂലി 50 രൂപ
കാലാവസ്ഥ മാറ്റം
രോഗബാധ
വളങ്ങളുടെ വിലക്കയറ്റം
'' മലയോരത്തെ നാളികേര കർഷകർ ആത്മഹത്യയുടെ വക്കിലാണ്. കൃഷി മന്ത്രി ഉടൻ ഇടപെടണം. കുറ്റ്യാടി തേങ്ങയ്ക്ക് തറവില
40 രൂപ നിശ്ചയിക്കണം. അല്ലെങ്കിൽ സമരം തുടങ്ങും''
കോരങ്ങോട്ട് മൊയ്തു
ജില്ലാ വൈസ് പ്രസിഡന്റ്,
കിസാൻ കോൺഗ്രസ്