അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥി കൂടിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന കൂട്ടത്തിലാണ് കോമേഴ്സ് പ്രൊഫസർ എ.അസ്സൻകുട്ടി നന്നായി പഠിപ്പിക്കാൻ കൂടുതൽ പഠിക്കേണ്ടതുണ്ടെന്ന സിദ്ധാന്തം തന്നെയാണ് ഈ ചിന്തയ്ക്ക് അടിസ്ഥാനം. പ്രായത്തിന്റെ കണക്കിൽ വിരമിച്ചാലും അദ്ധ്യാപകന് വിശ്രമമില്ലെന്നു കൂടി സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഇദ്ദേഹം.
ഇന്നിപ്പോൾ അദ്ധ്യാപനത്തിൽ നാലു പതിറ്റാണ്ടു പിന്നിടുമ്പോഴും തുടക്കക്കാരന്റെ അതേ ആവേശമാണ് പ്രൊഫ.അസ്സൻകുട്ടിയ്ക്ക് ക്ലാസ് റൂമിൽ. അപൂർവനേട്ടമെന്നു പറയാവുന്ന മറ്റൊരു ഘടകം കൂടിയുണ്ട് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിൽ; സ്വന്തം ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കാനുള്ള ഭാഗ്യം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.കോം കോഴ്സിനുള്ള ടെക്സ്റ്റ് ബുക്കുകളുടെ നിരയിൽ ഇദ്ദേഹം എഴുതിയ പുസ്തകങ്ങളുൾപ്പെടും. സർവിസിൽ നിന്നു വിരമിച്ച ശേഷവും നാലു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ബിരുദാനന്തര ബിരുദ പഠനം കഴിഞ്ഞ് വൈകാതെ ജോലി സമ്പാദിച്ചെങ്കിലും ഏറെ മോഹിച്ച അദ്ധ്യാപനപ്രവൃത്തിയിലേക്ക് എത്തുന്നത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം മുപ്പതാം വയസ്സിലാണ്. ശിഷ്യരെക്കൊണ്ട് നല്ലത് പറയിപ്പിക്കുന്ന അദ്ധ്യാപകനാവുക എന്ന ലക്ഷ്യമായിരുന്നു മനസ്സിൽ. പഠിപ്പിക്കാനും പഠിക്കാനുമായി ജീവിതം ഉഴിഞ്ഞുവെച്ചതോടെ തൊഴിലിൽ മടുപ്പ് എന്നൊന്നില്ല ഇദ്ദേഹത്തിന്. എന്നും ഉണർവിന്റെ, പുതിയ ദിവസമാണ് പ്രൊഫ.ഹസൻകുട്ടിയ്ക്ക്. 41 വർഷത്തെ അദ്ധ്യാപന ജീവിതത്തിനിടയിലെ ഏറ്റവും വലിയ സമ്പാദ്യം വിപുലമായ ശിഷ്യസമ്പത്ത് തന്നെ. സാധാരണക്കാരിൽ സാധാരണക്കാരനായി നീങ്ങാനാവുന്നതിന്റെ എളിമയാണ് ഇദ്ദേഹത്തിന്റെ മുഖമുദ്ര.
യൂണിവേഴ്സിറ്റി ടെക്സ് പുസ്തകം മാത്രമല്ല കവിതരചനയും തനിക്കി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രൊഫസർ എ.അസ്സൻകുട്ടി. അദ്ധ്യാപനത്തോടൊപ്പം കവിതയെഴുത്തും തുടർന്നുകൊണ്ടിരിക്കുകയാണ് ഇദ്ദേഹം.
@ തുടക്കം തിരൂരങ്ങാടി പി.എസ്.എം.ഒ യിൽ
പേരാമ്പ്രയ്ക്കടുത്ത് കായണ്ണയിൽ സാധാരണ കർഷക കുടുംബത്തിലാണ് ജനനം. പിതാവ് കെ.അമ്മത് കുട്ടി കർഷകനായിരുന്നു. ഉമ്മ കദീജ. ഈ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് എ.അസ്സൻകുട്ടി. അദ്ധ്യാപകനാവണമെന്ന സ്വപ്നം ചെറുപ്പത്തിലേയുണ്ടായിരുന്നു. നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ ആ സ്വപ്നം ഒടുവിൽ യാഥാർത്ഥ്യമായി. പ്രാഥമിക വിദ്യാഭ്യാസം നരയംകളം എ.യു.പി സ്കുളിൽ ആയിരുന്നു. പേരാമ്പ്ര ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, പ്രി.ഡിഗ്രി പഠിച്ചത് മമ്പാട് കോളേജിൽ ഫാറൂഖ് കോളേജിൽ നിന്ന് ബി.കോം പൂർത്തിയാക്കി. എം.കോം നേടിയത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ്. പി.എസ്.സി വഴി 1976-ൽ കണ്ണൂർ ചിറക്കൽ ദിനേഷ് ബീഡി സഹകരണം സംഘം കോപ്പറേറ്റീവ് ഇൻ ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിൽ തുടരുമ്പോഴും മനസ്സിൽ അദ്ധ്യാപനം മാത്രമായിരുന്നു. 1979-ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ജൂനിയർ ലക്ചററായാണ് അദ്ധ്യാപക ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
അദ്ധ്യാപന രംഗത്തേക്കു കടന്നതോടെ അക്കാദമിക് രംഗത്തായി മുഴുവൻ ശ്രദ്ധയും. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനായി മാറാൻ കഴിഞ്ഞു. 1981ൽ കൊയിലാണ്ടി ഗവ.കോളേജ് ജൂനിയർ ലക്ചറായി, പേരാമ്പ്ര ഗവ സി.കെ ജി.എം കോളേജിൽ പ്രൊഫസറായി. തുടർന്ന് 2000ൽ മൊകേരി ഗവ.കോളേജിൽ 6മാസത്തോളം പ്രിൻസിപ്പൽ ഇൻചാർജ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ ഒൗദ്യോഗികമായി ജോലിയിൽ നിന്ന് വിരമിച്ചു. 2008 മുതൽ 2020 വരെ കെ.ജി.എം കോളേജിൽ ഗസ്റ്റ് ഫാക്കൽട്ടിയായി പ്രവർത്തിച്ചു. പിന്നീട് കല്ലാച്ചിയിലെ എം.ഇ.ടി കോളേജിൽ 12 വർഷം അദ്ധ്യാപകനായി. 2020ൽ കല്ലാച്ചി ഹൈടെക് കോളേജിൽ കോമേഴ്സ് വിഭാഗത്തിന്റെ (എച്ച്.ഒ.ഡി) മേധാവിയാണ്. അഞ്ചോളം എൻ.എസ്.എസ് പ്രോഗ്രാം ഒാഫീസർ, പി.ടി.എ സെക്രട്ടറി, സ്റ്റൂഡൻസ് ഡീൻ, സ്റ്റാഫ് ഉപദേഷ്ടാവ്, അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്സ് (എ.കെ.ജി.സി.ടി.എ) ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് ബോർഡ് അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
@ കുടുംബം
റിട്ട. അദ്ധ്യാപിക ആയിഷുവാണ് ഭാര്യ. നാദപുരം ടി.ഇ.എം സ്കൂളിലെ പ്രധാനാദ്ധ്യാപികയായിരുന്നു ഇവർ. മകൻ അസ്ഹർ പിതാവിന്റെ പാതയിൽ തന്നെ. മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളേജിൽ കോമേഴ്സ് അസി.പ്രൊഫസറാണ്. കൊമേഴ്സിൽ പി എച്ച്.ഡി കരസ്ഥമാക്കിയിട്ടുണ്ട്. മകൾ ജിഹാൻ ആലുവയിൽ ആയുർവദ ഡോക്ടറും.
യൂണിവേഴ്സിറ്റി പുസ്തകങ്ങൾ സിലബസ് മാറി വരുമ്പോൾ സ്വന്തം ടെക്സ്റ്റ് ബുക്കുകൾ അപ്ഡേറ്റ് ചെയ്യാനും പുതിയവ എഴുതാനും കൂടി സമയം കണ്ടെത്തുകയാണ് പ്രൊഫ.അസ്സൻകുട്ടി പഠനം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് ഒാർമ്മിപ്പിക്കുകയാണ് ഇദ്ദേഹം.
ഹോട്ടൽ മാനേജ്മെന്റ്
ട്രാവൽ ആൻഡ് ടൂറിസം
ഇന്ത്യൻ ഫിനാൻഷൽ സർവിസ്
ഒാഡിറ്റിംഗ്