നാദാപുരം: നാദാപുരം, തൂണേരി പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. തൂണേരി ഗ്രാമപഞ്ചായത്തിലെ പേരോട് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം. 60വയസുളള സ്ത്രീക്കും സമീപത്തെ ഒരു യുവാവിനുമാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെയും ഉറവിടം കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും പ്രാഥമിക സമ്പർക്ക പട്ടികയിൽ മാത്രം 150 പേരുണ്ട്. സമ്പർക്ക പട്ടികയിലുളളവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ മരണ വീടുകളിലടക്കം പരിസരത്തെ നിരവധി സ്ഥലങ്ങളിൽ ബന്ധപ്പെട്ടെന്നാണ് വിവരം. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ പുല്ലൂക്കരയിലെ മരണ വീടും സന്ദർശിച്ചിരുന്നു. കാലിന് ശസ്ത്രക്രിയയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.
യുവാവ് രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ നിരവധി പേരുമായി ബന്ധപ്പെട്ടതായാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം.