കുറ്റ്യാടി: കേരകർഷകരുടെ പ്രതീക്ഷ തകർത്ത് കുറ്റിയാടി തേങ്ങയുടെ ആവശ്യകത ഇടിയുന്നു. ഗുമേന്മയേറിയ തേങ്ങയിൽ കർണ്ണാടകയിൽ നിന്നെത്തുന്ന വില കുറഞ്ഞ തേങ്ങ ചേർത്ത് വിൽക്കുന്നതാണ് പ്രതിസന്ധിയായത്. വില കൂടുതലാണെങ്കിലും സംസ്‌കരിച്ചാൽ കൂടുതൽ എണ്ണ ലഭിക്കുന്നതായിരുന്നു കുറ്റിയാടി തേങ്ങയുടെ പ്രത്യേകത. എന്നാൽ ഗുമേന്മ കുറഞ്ഞ കർണ്ണാടകയിലെ തേങ്ങ ചേർത്ത് വിൽക്കുന്നത് ദുഷ്‌പേരായി മാറി. തമിഴ്‌നാട്ടിലെ ബിസ്‌ക്കറ്റ് ഉത്പാദന കമ്പനികൾ പോലും കുറ്റിയാടി തേങ്ങയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സമീപ കാലത്ത് കൊപ്രയാക്കുമ്പോൾ തൂക്കക്കുറവ് കണ്ടതോടെ ഇവരുടെ താത്പര്യത്തിന് മങ്ങലേറ്റു. ഇതോടെ പല മൊത്ത കച്ചവടക്കാരും വലിയ വിലക്ക് കുറ്റിയാടി തേങ്ങ വാങ്ങാൻ മടിക്കുകയാണ്. കുറ്റിയാടി തെങ്ങുകൾ വ്യാപകമായി കൃഷി ചെയ്യുന്ന കാവിലുംപാറ, മരുതോങ്കര, കായക്കൊടി, കുറ്റിയാടി, കുന്നുമ്മൽ, മേഖലകളിലെ കർഷകർ ഇതോടെ ആശങ്കയിലാണ്.