കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ അഞ്ച് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന നിലവിലുള്ള അക്കാഡമിക് ബ്ലോക്ക് രണ്ടാംഘട്ടം നിർമ്മാണ പ്രവൃത്തിയുടെയും 2. 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ചുറ്റുമതിലിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും.

15 ലക്ഷം രൂപ ചെലവിൽ കോളേജിനു വേണ്ടി നിർമ്മിച്ച കുടിവെള്ള പദ്ധതി പി.ടി.എ.റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2018 -19 ബഡ്‌ജറ്റിൽ കോളേജിന്റെ അക്കാഡമിക് ബ്ലോക്ക് നിർമ്മാണത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. കോളേജിന്റെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള കെട്ടിടങ്ങളുടെ നിർമ്മാണത്തിന് കിഫ്ബി മുഖേന പത്ത് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വെള്ളന്നൂർ കോട്ടോൽകുന്നിൽ വാങ്ങി നൽകിയ 5. 10 ഏക്കർ സ്ഥലത്താണ് സർക്കാർ കോളേജ്. എം.എൽ.എ യുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നു അനുവദിച്ച 3.25 കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിലാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ ചെലവഴിച്ച് ക്ലാസ് റൂമുകൾ തിരിക്കുകയായിരുന്നു. കോളേജിൽ ഇലക്ട്രിസിറ്റി കണക്‌ഷൻ എടുക്കുന്നതിനുള്ള തുകയും എം.എൽ.എയുടെ ഫണ്ടിൽ നിന്നാണ് ചെലവഴിച്ചത്.

ആധുനിക ടർഫ് നിർമ്മാണത്തിന് 70 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്നു അനുവദിച്ചിട്ടുണ്ട്.