കോഴിക്കോട്: എൻ.സി.സി കേഡറ്റുകളുടെ 'ഏക് ഭാരത് ; ശ്രേഷ്ഠ് ഭാരത് ' ഓൺലൈൻ ക്യാമ്പിന് തുടക്കമായി. ആറ് നാൾ നീളുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എ.വൈ.രാജൻ ഓൺലൈനിലൂടെ നിർവഹിച്ചു.

കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ്, രാജസ്ഥാൻ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറ് എൻ.സി.സി കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 600 കേഡറ്റുകൾ ഉൾപ്പെടുന്ന ക്യാമ്പ് ആദ്യമായാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തുന്നത്.

എല്ലാ കേഡറ്റുകളും സ്റ്റാഫും അവരുടെ വീട്ടിൽ നിന്നോ ഓഫീസുകളിൽ നിന്നോ പരിപാടിയിൽ പങ്കെടുക്കുകയാണ്. കേഡറ്റുകൾ അതത് സംസ്ഥാനത്തിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം, പാരമ്പര്യം, പാചകരീതികൾ എന്നിവ അവതരിപ്പിക്കും. ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പാട്ടുകൾ, നൃത്തങ്ങൾ, വീഡിയോകൾ എന്നിവ പ്രദർശിപ്പിക്കും. ക്വിസ്, സംവാദം എന്നിവയുമുണ്ടാവും.