news
പൊതിച്ചോറിന്റെ മണം

കോഴിക്കോട്: കുട്ടികൾ പലരും പൊതിച്ചോറുണ്ടാക്കുന്ന തിരക്കിലാണ്, ആസ്വദിച്ചറിയാൻ!. രണ്ടര മണിക്കൂർ സിനിമയ്ക്ക് മാത്രമല്ല ഒരു ഹ്രസ്വചിത്രത്തിനും സമൂഹത്തിൽ ചലനമുണ്ടാക്കാൻ കഴിയുമെന്ന് ഇരുപത്തിയാറു മിനുട്ട് ദൈർഘ്യമുള്ള 'പൊതിച്ചോറിന്റെ മണം' തെളിയിച്ചു . യൂട്യൂബിൽ റിലീസ് ചെയ്ത് രണ്ടു ദിവസമാകും മുമ്പേ അമ്പതിനായിരത്തിലേറെ പേർ ചിത്രം കണ്ടുകഴിഞ്ഞു. ചിത്രം കണ്ട നിരവധി കുട്ടികളാണ് പൊതിച്ചോർ എന്താണെന്നും ഉണ്ടാക്കുന്നത് എങ്ങനെയെന്നും ചോദിച്ച് മാതാപിതാക്കളുടെ അടുത്തെത്തുന്നത്.

വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് കഥ നീങ്ങുന്നത് . കമലഹാസൻ എന്ന കുട്ടി പൊതിച്ചോറിനെ കുറിച്ച് അറിയുന്നതും തുടർന്ന് പൊതിച്ചോർ ഉണ്ടാക്കുന്നതിനുള്ള അന്വേഷണവും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . അശ്വന്ത് കൃഷ്ണയാണ് കമലഹാസനെ അവതരിപ്പിച്ചത്. ബനാന സ്റ്റോറീസിന് വേണ്ടി മുഹമ്മദ് തമീം , അഭിനന്ദ് അൻസോ, നിഷാൽ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംവിധാനം നികേത് .കെ .ഉദയനാണ്. സൽമാൻ സിറാജാണ് കാമറ. എഡിറ്റിംഗ് നിർവഹിച്ച സച്ചിൻ സഹദേവനും അക്ഷയ് അർജുനും ചേർന്നാണ് കഥ ഒരുക്കിയത് . സായ് ബാലന്റെ സംഗീതത്തിൽ സുനിൽ എസ് പുരം എഴുതി വേദ അഭിലാഷ് പാടിയ ' കൊണ്ടേ കാറ്റും പണ്ടേ നെഞ്ചിൽ ' എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു . ഹരിരാഗ് എം വാര്യരുടെ സൗണ്ട് ഡിസൈനും മികച്ചു നിൽക്കുന്നു .