kodiyathur
പന്നിക്കോട് പഴംപറമ്പിൽ നടത്തുന്ന സമ്മിശ്ര കൃഷിയിലെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി. അബ്ദുല്ല നിർവ്വഹിക്കുന്നു

കൊടിയത്തൂർ: കൊവിഡിൽ പഠനവും സേവനവും ഓൺലൈനായതോടെ പാടത്തും പറമ്പിലും വിത്തും കൈക്കോട്ടുമായി അദ്ധ്യാപകരും ജീവനക്കാരും. കപ്പ, ചേന, ചേമ്പ്, കൂർക്ക, മഞ്ഞൾ, ഇഞ്ചി, പച്ചക്കറി തുടങ്ങി സകല കൃഷികളുമുണ്ട് ഇവരുടെ പാഠ പുസ്തകത്തിൽ. കൊടിയത്തൂ‌ർ ഗ്രാമപഞ്ചായത്തിന്റെ സുഭിക്ഷ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായി എഫ്.എസ്.ഇ.ടി.ഒ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് പഴംപറമ്പിൽ നടത്തുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിലാണ് അദ്ധ്യാപകരും ജീവനക്കാരും പങ്കാളികളായത്. വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഒഴിവ് ദിനങ്ങളിൽ കൃത്യമായ സമയക്രമം പാലിച്ചാണ് കൃഷി. സാദിഖലി കൊളക്കാടനാണ് കൃഷിക്കായി രണ്ടര ഏക്കർ സ്ഥലം നൽകിയത്.

ചെറുവാടി പുഞ്ചപ്പാടത്ത് മൂന്ന് ഏക്കർ സ്ഥലത്ത് വിഷ രഹിത നെല്ല് കൃഷിയിലൂടെ അരിയും അവിലും ഉൾപ്പെടെ വിതരണം ചെയ്ത അനുഭവത്തിൽ നിന്നാണ് കാർഷിക മേഖലയിലെ പുതിയ പദ്ധതികൾക്ക് രൂപം നൽകിയത്. തരിശു രഹിത കൊടിയത്തൂരെന്ന ലക്ഷ്യത്തിനൊപ്പം ചേർന്ന് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വീടുകളിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ തരിശുരഹിത കൃഷി ആരംഭിച്ചിട്ടുണ്ട്.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് പന്നിക്കോട്, എ.അനിൽകുമാർ, ഷമേജ് പന്നിക്കോട്, ഹാഫിസ് ചേറ്റൂർ, വിജീഷ് കവിലട, കെ.കെ.അലി ഹസ്സൻ, അനുരാജ് ,ചന്ദ്രൻ കാരാളി പറമ്പ്, അബ്ദുസമദ് പൊറ്റമ്മൽ, ബഷീർ നെച്ചിക്കാട്, ഷെല്ലി ജോൺ, ഉണ്ണികൃഷ്ണൻ കോട്ടമ്മൽ, സജ്‌ന സുൽഫീക്കർ കാരക്കുറ്റി, രമ്യ സുമോദ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.നസീർ മണക്കാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് കൊടിയത്തൂർ, പി.സി മുജീബ് മാസ്റ്റർ, പി.പി.അസ് ലം എന്നിവർ പ്രസംഗിച്ചു.