വടകര: ബസിൽ യാത്ര ചെയ്തയാൾക്കും കുടുംബത്തിനും എതിരെ വ്യാജ പ്രചരണം നടത്തുന്നതായി ആക്ഷേപം. ഈ മാസം 4ന് പാലക്കാട് നിന്നും കണ്ണൂരിലേക്ക് കൊവിഡ് ബാധിതൻ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിൽ കോഴിക്കോട് മുതൽ വടകര വരെ യാത്ര ചെയ്ത കീഴൽ ശ്രീനിലയത്തിൽ എ.വി.എം നിഖിലിനും കുടുംബത്തിനും എതിരെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നത്. ബസിൽ കൊവിഡ് ബാധിതൻ സഞ്ചരിച്ചു എന്ന വിവരം പിറ്റേദിവസമാണ് മറ്റു യാത്രക്കാർ അറിഞ്ഞത്. ഇക്കാര്യം അറിഞ്ഞതോടെ നിഖിൽ വാർഡ് മെമ്പറെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചു. അവരുടെ നിർദ്ദേശ പ്രകാരം ഞായറാഴ്ച രാത്രി മുതൽ നിഖിലും കുടുംബാംഗങ്ങളും ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ വടകര ഗവ. ആശുപത്രിയിൽ നിന്ന് കൊവിഡ് ടെസ്റ്റിനുള്ള സാമ്പിൾ എടുക്കുകയും ചെയ്തു. ഇതിനിടെയാണ് കീഴൽ അണിയാരി പ്രദേശങ്ങളിൽ പ്രചരണം തുടരുന്നത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മേമുണ്ട മേഖലാ കമ്മിറ്റി വടകര പൊലീസ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകി.