വടകര: സ്വർണ കള്ളക്കടത്തുകാരുമായി സി.പി.എം നേതാക്കൾക്കുള്ള ബന്ധം ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ലെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. രമ പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ റിമാൻഡിൽ കഴിയവെ പി. മോഹനനെ സ്വർണക്കടത്തുകാരൻ ഫയാസ് ജയിലിൽ സന്ദർശിച്ചിരുന്നു. അന്ന് വാർത്തയായ ആ സംഭവത്തെ കുറിച്ച് പിന്നീട് അന്വേഷണമില്ലാതെ സി.പി.എം തേച്ചു മായ്ച്ചുകളയുകയായിരുന്നു. ദേശദ്രോഹപ്രവർത്തനങ്ങൾ നടത്തിയുണ്ടാക്കുന്ന പണം പാർട്ടിയ്ക്കെതിരെ ശബ്ദിക്കുന്നവരെയും രാഷ്ട്രീയ എതിരാളികളെയും വകവരുത്താനും അത്തരം കേസുകളിലെ പ്രതികളെ സംരക്ഷിക്കാനുമാണ് സി.പി.എം ഉപയോഗിക്കുന്നത്. ടി.പി .കേസ് പ്രതികളായ കൊടി സുനിയും കിർമാണി മനോജും മുഹമ്മദ് ഷാഫിയുമെല്ലാം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവരെയെല്ലാം ഫയാസ് എന്ന സ്വർണ കള്ളക്കടത്തുകാരൻ ജയിലിൽ സന്ദർശിച്ചിട്ടുണ്ട്. സി പി എം ഉണ്ടാക്കുന്ന കോടികൾ ജനങ്ങളിൽ നിന്ന് പിരിക്കുന്നതല്ല മറിച്ച് കള്ളക്കടത്തുകാരുടെ ലാഭവിഹിതമാണെന്ന് രമ ആരോപിച്ചു. സ്വർണക്കടത്തിന്റെ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.