 റോഡുകൾ അടച്ചു

 ഉറവിടമറിയാതെ വ്യാപനം

നാദാപുരം: തൂണേരി സ്വദേശികൾക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തൂണേരിയിലും പരിസര പഞ്ചായത്തായ നാദാപുരത്തും നിയന്ത്രണം കർശനമാക്കി. ഈ പഞ്ചായത്തുകളിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ പൂർണമായും അടച്ചു. പരിശോധന കർശനമാക്കി. കല്ലാച്ചി, നാദാപുരം, തൂണേരി എന്നിവിടങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ മാത്രമെ തുറക്കൂ.

വാഹനങ്ങൾ അത്യാവശ്യ സർവിസ് മാത്രമേ അനുവദിക്കൂ. ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന മുഴുവൻ റോഡുകളും ഇടവഴികളും പൊലീസ് അടച്ചു. നിയന്ത്രണം ലംഘിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
തൂണേരി പഞ്ചായത്തിലെ 60 വയസ്സുകാരിയ്ക്കും അയൽപക്കത്തെ ഒരു യുവാവിനുമാണ് കൊവിഡ് ബാധിച്ചത്. രണ്ട് പേരുടെയും ഉറവിടം ഇതുവരെ കണ്ടത്തിയിട്ടില്ല.
ഇരുവരുടെയും പ്രാഥമിക സമ്പർക്കപട്ടികയിൽ മാത്രം 150 പേരുണ്ട്. സമ്പർക്ക പട്ടികയിലുളളവരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം തുടങ്ങി .
കൊവിഡ് സ്ഥിരീകരിച്ച അറുപതുകാരി മരണവീടുകളിലടക്കം പരിസരത്തെ നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലാ അതിർത്തിയിലെ പെരിങ്ങത്തൂരിലും കണ്ണൂരിൽ പുല്ലൂക്കരയിലെ മരണവീടും സന്ദർശിച്ചിരുന്നു. കാലിന് ശസ്‌ത്രക്രിയയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അവിടെയുളള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.