കോഴിക്കോട്: കൊവിഡ് കാലത്തും നാടിനെ വൃത്തിയും വെടിപ്പുള്ളതുമാക്കാൻ പാടുപെടുന്ന കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ നേരിടുന്നത് അവഗണനയുടെ അഗ്നി പരീക്ഷകൾ. ജോലിസമയം കൂട്ടിയും ആവശ്യത്തിന് സുരക്ഷാ ഉപകരണം നൽകാതെയും ഇവരെ അടിമകളെപോലെ പണിയെടുപ്പിക്കുകയാണ്.
രാവിലെ ഏഴ് മണിമുതൽ ഒരു മണിവരെയാണ് ഇവരുടെ ജോലി സമയം.എന്നാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ മാലിന്യം വലിച്ചെറിയുന്നതിനാൽ പുലർച്ചെ അഞ്ച് മണി മുതൽ റോഡുകളിൽ കാവൽ നിൽക്കേണ്ടി വരുകയാണ്.
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടിയാൽ അവർക്കുള്ള ബോധവത്ക്കരണവും നൽകണം. അതുകഴിഞ്ഞ് ഏഴുമണിയോടെ ജോലിയിലേക്ക്. ജോലികഴിഞ്ഞാൽ രാത്രി ഏഴ് മണി മുതൽ 11 വരെ റോഡിൽ കാവൽ നിൽക്കണം. കസ്റ്റംസ് റോഡ്, പണിക്കർ റോഡ്, വെള്ളയിൽ തുടങ്ങിയ ഇടങ്ങളിലാണ് മാലിന്യങ്ങൾ വൻ തോതിൽ വലിച്ചെറിയുന്നത്. അതിനാൽ ഓരോയിടത്തും മാറി മാറി നിൽക്കേണ്ട അവസ്ഥയാണെന്ന് തെഴിലാളികൾ പറയുന്നു.
ലോക്ക് ഡൗൺ ആരംഭിച്ചതു മുതൽ പകുതി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ എണ്ണം കുറവായതിനാൽ ശുചീകരണ തൊഴിലാളികൾ ദിവസവും ജോലിക്ക് വരേണ്ട സ്ഥിതിയാണ്.
കോർപ്പറേഷന്റെ കണക്കിൽ 700 ശുചീകരണ തൊഴിലാളികൾ ഉണ്ട്. എന്നാൽ പിരിഞ്ഞുപോയ 100 പേരെ കഴിച്ചാൽ 600 പേരാണ് ജോലിക്ക് എത്തുന്നത്. ഒഴിവുകൾ നികത്താത്തത് തൊഴിലാളികളുടെ ജോലി ഭാരം കൂട്ടുകയാണ്.
സുരക്ഷയുണ്ട്, ഇല്ല
സുരക്ഷാ ഉപകരണങ്ങൾ പലതും പേരിനു മാത്രമാണ്. കോർപ്പറേഷൻ ഗ്ലൗസുകൾ നൽകുന്നുണ്ട്. പക്ഷെ, മാലിന്യം എടുക്കുമ്പോഴേക്കും കീറി പോകും. ബൂട്സുകളുടെയും മാസ്കുകളുടെയും അവസ്ഥയും ഇതു തന്നെ. പലതും പലയളവിലായതിനാൽ ഉപയോഗിക്കാൻ പറ്റില്ല. റെയിൻ കോട്ടുണ്ടെങ്കിലും മഴ പെയ്താൽ ചോർന്നൊലിക്കും. ഈയൊരു അവസ്ഥയിൽ ഇവയെല്ലാം സ്വന്തമായി വാങ്ങേണ്ടി വരുന്നു. ജോലി കഴിഞ്ഞ് പോകുന്നവർക്ക് വസ്ത്രം മാറാൻ യാതൊരു സൗകര്യങ്ങളും നിലവിലില്ല. ജോലിസ്ഥലത്തെ സർക്കിളുകളിൽ ബാത്ത്‌റൂമുകൾ വേണമെന്ന ആവശ്യവും നടപ്പിലായിട്ടില്ല. മാലിന്യം കൊണ്ടുപോകാൻ ആവശ്യത്തിന് വാഹനങ്ങളില്ലാത്തതും ഇവരെ ബുദ്ധിമുട്ടിക്കുന്നു.