കഷ്ടപ്പാടിന്റെ ദിവസങ്ങൾ നീളുമ്പോഴും കാലിടറിയില്ല. നന്നായി പഠിച്ച് ഒരു നല്ല ഡോക്ടറാവണം; കുട്ടിക്കാലത്തേ മനസ്സിലുറച്ച മോഹമായിരുന്നു അത്. നിശ്ചയദാർഢ്യവും കഠിനപരിശ്രമവും വെറുതെയായില്ല. തിളക്കമാർന്ന വിജയത്തോടെ തന്നെ ഡോക്ടറായി. അനുകമ്പ കെടാതെ സൂക്ഷിച്ചപ്പോൾ സാധാരണക്കാരുടെ സ്വന്തം ഡോക്ടർ തന്നെയായി. ആതുരസേവനരംഗത്ത് അര നൂറ്റാണ്ടിനോടടുക്കുന്ന ഡോ.പി.രാജൻ ഏറെ അഭിമാനിക്കുന്നത് ഈ സൽപേരിലും ലോകമെമ്പാടുമെന്നോണമുള്ള ശിഷ്യസമ്പത്തിലും തന്നെ.
ഡോക്ടറെ ഒരു തവണ കണ്ടവർക്കു പോലും പറയാനുണ്ടാവുക ആ നോട്ടത്തെയും സംസാരത്തെയും കുറിച്ചായിരിക്കും. രാജൻ ഡോക്ടറുടെ കൈപ്പുണ്യം സാക്ഷ്യപ്പെടുത്തിയായിരിക്കും എപ്പോഴും അവർ മറ്റൊരാളോട് അദ്ദേഹത്തെപറ്റി പറയുക. ചുരുങ്ങിയ കാലത്തിനിടയിൽ മലബാറിന്റെ ചികിത്സാ ചരിത്രത്തിൽ മുൻനിര പോരാളിയാകാൻ ഡോ. രാജന് കഴിഞ്ഞതിന് കാരണവും മറ്റൊന്നല്ല.
പ്രാഥമിക വിദ്യാഭ്യാസം മുംബയിലും
ഇരിങ്ങാലക്കുടയിലെ പുതിയേടത്ത് ടി.ആർ.മേനോൻ - അമ്മിണി അമ്മ ദമ്പതികളുടെ ഇളയ മകനാണ് പി.രാജൻ. അച്ഛൻ തൃപ്പൂണിത്തുറയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്നു. തുച്ഛമായ ആ വരുമാനത്തിൽ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാനാവില്ലെന്ന് കണ്ടതോടെ അദ്ദേഹം അക്കൗണ്ടിംഗ് പഠിച്ച് മറ്റൊരു ജോലി തേടി ബർമ്മയിലെത്തി. ജോലി തേടിയുള്ള യാത്ര അവിടെയും അവസാനിച്ചില്ല. വൈകാതെ മുംബയിലേക്ക്.
രണ്ടാം ക്ലാസ് വരെ ഇരിങ്ങാലക്കുടയിലെ ഐക്കരകുന്ന് സ്‌കൂളിലായിരുന്നു പഠനം. 1956ൽ അച്ഛനൊപ്പം മുംബയിലെത്തി. സൗത്ത് ഇന്ത്യൻ എഡ്യൂക്കേഷൻ വെൽഫെയർ സ്‌കൂളിലാണ് ചേർന്നത്. 1965-ൽ അച്ഛൻ ജോലിയിൽ നിന്ന് വിരമിച്ചു. അതോടെ നാട്ടിലേക്ക് തിരിച്ചെത്തി. എസ്.എസ്.എൽ.സി പൂർത്തിയാക്കിയത് നടവരമ്പ് സ്‌കൂളിൽ.
പഠിക്കാൻ മിടുക്കാനായിരുന്നെങ്കിലും കുറച്ചു കാലം മറുനാട്ടിലായിരുന്നതിനാൽ മലയാളം കീറാമുട്ടിയായിരുന്നു. മലയാളം കൈപ്പിടിയിലാക്കാൻ രാത്രി പകലാക്കി പഠിച്ചു. എസ്.എസ്.എൽ.സി പരീക്ഷ അങ്ങനെ റാങ്കോടെ പാസ്സായി.
സ്വപ്നസാക്ഷാത്കാരം കോഴിക്കോട്ട്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ 11-ാം ബാച്ചിൽ, 1967-ലാണ് എം.ബി.ബി.എസ് പഠനം തുടങ്ങിയത്. സാധാരണക്കാർക്ക് മെഡിക്കൽ വിദ്യാഭ്യാസം എത്തിപ്പിടിക്കുക വിഷമമായിരുന്ന കാലഘട്ടം. പക്ഷേ, ആ പ്രതിസന്ധികളെ പഠിത്തത്തിലെ മിടുക്കിലൂടെ ഡോ. രാജൻ മറികടന്നു.
ഇപ്പോഴും ഓർമ്മയുണ്ട്. ഒന്നാം വർഷം ഒരൊറ്റ പുസ്തകമേ വാങ്ങാനായുള്ളൂ. അടുത്ത വർഷം കോളേജിലെ മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ പുസ്‌തകങ്ങൾ സൗജന്യമായി ലഭിച്ചു. 1972-ൽ എം.ബി.ബി.എസ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ മനസിൽ വീണ്ടും ഉറപ്പിച്ചു; 'സാധാരണക്കാരുടെ ഡോക്ടറാകണം".
ഒൗദ്യോഗിക ജീവിതത്തിന്റെ തുടക്കം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ തന്നെ. എം.എസിന് പഠിക്കുമ്പോൾ 1973-ൽ കാഞ്ഞങ്ങാട് എണ്ണപ്പാറ ഡിസ്‌പെൻസറിയിൽ അസി.സർജനായി . 1976-ൽ പി.എസ്.സി നിയമനത്തിലൂടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ട്യൂട്ടറായി. അക്കാഡമിക് മികവിന് സ്വർണമെഡലുകളുൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഡോ.രാജന്.
എം.എസ് കഴിഞ്ഞ ശേഷം ഇംഗ്ളണ്ടിലെ നിന്ന് ഗ്ളാസ്ഗോയിൽ നിന്ന് 1986-ൽ എഫ്.ആർ.സി.എസ് പഠനം പൂർത്തിയാക്കി. ഇതിനിടയ്ക്ക് വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു. സഹോദരന്റെ നിർദ്ദേശം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ ബ്രീട്ടിഷ് ഗ്രൂപ്പിന്റെ സ്വകാര്യ ആശുപത്രിയിൽ സർജനായി പ്രവർത്തിച്ചു. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രിയിലും പ്രവർത്തിച്ചിട്ടുണ്ട്. അന്നത്തെ പ്രസിഡന്റ് ഷേഖ് സായിദ് ഡോ.രാജനെ അനുമോദിച്ചിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന ഒരു ചൂരൽ വടി ഉപഹാരമായി നൽകി.
അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 2005-ൽ സർജറി വിഭാഗം പ്രൊഫസറും മേധാവിയുമായി സർവീസിൽ നിന്ന് വിരമിച്ചു. തുടർന്ന് സംസ്ഥാന സർക്കാർ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ എമിരിറ്റസ് പ്രൊഫസറായി നിയമിക്കുകയായിരുന്നു.
നിരവധി അന്തർദേശീയ സെമിനാറുകളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഡോ.രാജൻ. 1996-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ബിരുദദാനച്ചടങ്ങിന് പൂർവവിദ്യാർത്ഥി പ്രഭാഷണം നിർവഹിച്ചത് ഇദ്ദേഹമാണ്. അസോസിയേഷൻ ഒഫ് സർജൻസ് ഒഫ് ഇന്ത്യ കേരള ചാപ്‌റ്റർ സെക്രട്ടറിയായിരുന്നു. 2005 ൽ പ്രൊഫസർ രാഘവാചാരി അവാർഡും 2010-ൽ മികച്ച ഫാക്കൽറ്റിയ്ക്കുള്ള സുശ്രുത അവാർഡും 2012-ൽ മോഹൻദാസ് മെമ്മോറിയൽ പുരസ്കാരവും (എ.എസ്.ഐ) ഇദ്ദേഹത്തെ തേടിയെത്തി. നിലവിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റാണ്.
മൂന്ന് ആഗ്രഹങ്ങൾ; മൂന്നും നിറവേറി
ജീവിതത്തിൽ മൂന്ന് ആഗ്രഹങ്ങളായിരുന്നു. ഡോക്ടറാവുക, സർജനാവുക, അദ്ധ്യാപകനാവുക. ഇത് മൂന്നും യാഥാർത്ഥ്യമായെന്നത് വലിയ കാര്യമായി കാണുന്നു. ഇന്നപ്പോൾ ശിഷ്യർ പ്രഗത്ഭ ഡോക്ടർമാരായി ലോകത്തിന്റെ നാനാ കോണുകളിലുമുണ്ട്. ജീവിതത്തിൽ ഇതിനേക്കാൾ വലിയ സമ്പാദ്യം മറ്റെന്താണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് വിരമിക്കുമ്പോൾ ആശുപത്രിയിൽ ഐ.സി.യുവും പോസ്റ്റ് ഒാപ്പറേറ്റിവ് വാർഡും പി.ജി വിദ്യാർത്ഥികൾക്കും അസി.പ്രൊഫസർമാർക്കുമായി വിശ്രമമുറികളും പി.ജി വിദ്യാർത്ഥികർക്കുള്ള ലൈബ്രറിയും മറ്റും ഒരുക്കിയെടുക്കാൻ കഴിഞ്ഞിരുന്നുവെന്നതും ചാരിതാർത്ഥ്യത്തോടെ കാണുന്നു.
എർലിക് സൊസൈറ്റി
അക്കാഡമിക് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു കൂട്ടം ഡോക്ടർമാരുടെ നേതൃത്വത്തിൽ 1983-ലാണ് എർലിക് സൊസൈറ്റി ആരംഭിച്ചത്. എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ചയാണ് മീറ്റിംഗ്. ഒാരോ മാസവും സമകാലിക വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നത്.
തിരക്ക് ഒഴിയാതെ ഡോക്ടർ കുടുംബം
ഭാര്യ ഡോ. ലതി നായരാണ് (എം.ഡി.) ഡോ.പി.രാജന്റെ ഭാര്യ. വിഖ്യാത കഥകളി ആചാര്യൻ ഗുരു കുഞ്ചു കുറുപ്പിന്റെ ചെറുമകളാണ് ഇവർ.
കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ.ലതി നായർ ഇപ്പോൾ കെ.എം.സി.ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പലും മൈക്രോബയോളജി വകുപ്പ് പ്രൊഫസറുമാണ്. മകൾ ഡോ.അർച്ചന രാജൻ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ അസി.പ്രൊഫസറാണ്. മരുമകൻ ഡോ.അരുൺ ഗോപി മെട്രോ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ്. മകൻ അഭിഷേക് രാജൻ മിംസ് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജി സർജനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ.വിന്ന്യ വിജയൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും.