കൽപ്പറ്റ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ. കലക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിലാണ് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ ഉൾപ്പെടുന്ന സമിതികൾ എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലതലങ്ങളിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനവും സമിതികൾ വിലയിരുത്തും.

രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ വാർഡ്തല ജാഗ്രതാ സമിതികൾ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്ര തലത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ യോഗം വിളിച്ച് ചേർത്ത് സ്ഥിതിഗതികൾ മെച്ചപ്പെടുത്തും. പൊതുവിൽ ഇപ്പോൾ ജാഗ്രത കുറഞ്ഞിട്ടുണ്ടെന്നും അത് തിരിച്ചു കൊണ്ടുവരാൻ ശക്തമായ ഇടപെടലുകൾ കൂട്ടായി നടത്തണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തുന്നതിനുളള സജ്ജീകരണം ഉടൻ തയ്യാറാകും. നിലവിൽ സാമ്പിളുകൾ പരിശോധിക്കാൻ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യമാണുളളത്. ഇത് പരിശോധനഫലം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ട്. സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ആർ.ടി.പി.സി.ആർ മെഷീൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതോടെ ജില്ലയിലെ പി.സി.ആർ പരിശോധനകൾ വേഗത്തിലാക്കാനാകും.

യോഗത്തിൽ എ.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ഒ.ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, സബ്കളക്ടർ വികൽപ് ഭരദ്വാജ്, അസി. കളക്ടർ ഡോ. ബൽപ്രീത് സിംഗ്, എ.ഡി.എം. മുഹമ്മദ് യൂസുഫ്, ഡെപ്യൂട്ടി കലക്ടർ (ഡി.എം) കെ. അജീഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക, ഡി.പി.എം ഡോ. ബി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

(ചിത്രം)

കലക്ടറേറ്റിൽ കടന്ന കോവിഡ് അവലോകന യോഗത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ സംസാരിക്കുന്നു.