കോഴിക്കോട്: ആളുകൾ അകന്ന് കഴിയേണ്ട ലോക്ക് ഡൗൺ വേളയിൽ കോട്ടൂളിയിലെ ഹയ ഇസഹാഖ് (15) അറിവിലേക്ക് കൂടുതൽ അടക്കുകയായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ ഈ മിടുക്കി ഓൺലൈനിലൂടെ വിദേശ യൂണിവേഴ്സിറ്റികളിലെ ഏഴ് ഹ്രസ്വ കോഴ്സുകളാണ് മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കിയത്. ഇപ്പോൾ എട്ടാമത്തെ കോഴ്സിനുള്ള തയ്യാറെടുപ്പിലുമാണ്.
ജോൺ ഹോക്കിൻസ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ് മിനസോട്ടോ, യൂണിവേഴ്സിറ്റി ഒഫ് കോളറാഡോ, യൂണിവേഴ്സിറ്റി ഒഫ് കോപ്പൻഹേഗൻ, യൂണിവേഴ്സിറ്റി ഒഫ് കെസെ, വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റി, പോളിടെക്നി കോ മിലാനോ, യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്ന് സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്, ക്രിയേറ്റീവ് പ്രോബ്ലം സോൾവിംഗ്, ഡയബെറ്റിക്സ് - ദി എസൻഷ്യൽ ഫാറ്റ്സ്, ക്രിമിനൽ ലോ, ആർക്കിയോ ആസ്ട്രോണമ , ഗ്രാമർ ആൻഡ് പംഗ്ച്വേഷൻ തുടങ്ങിയ കോഴ്സുകളാണ് പൂർത്തിയാക്കിയത്.
തുണയായത് ലോക്ക്
പ്രശസ്ത യൂണിവേഴ്സിറ്റികൾ ഒരുമിപ്പിച്ച് കൊടുക്കുന്ന ഓൺലൈൻ കോഴ്സിന്റെ പ്ലാറ്റ് ഫോമാണ് കോഴ്സീറ. ഈ കോഴ്സുകൾ സൗജന്യമായി നടത്താൻ കൊവിഡ് കാലത്ത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് അനുമതി ലഭിച്ചിരുന്നു. ഈ അവസരമാണ് ഹയയ്ക്ക് തുണയായത്. ഓരോ കോഴ്സും മൂന്നും നാലും ആഴ്ച കൊണ്ടാണ് പൂർത്തിയാക്കിയത്.
ജിദ്ദയിൽ ഇന്ത്യൻ എംബസി സ്കൂളിൽ ആറാം ക്ലാസ് വരെ പഠിച്ച ഹയ പിന്നീട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിൽ ചേരുകയായിരുന്നു. സ്കൂൾ ഫുട്‌ബാൾ ടീമംഗമാണ്. ചിത്രരചന, കവിത, കഥാരചന എന്നീ മേഖലകളിലും ഹയ കഴിവ് തെളിയിച്ചിട്ടുണ്ട്.
ജിദ്ദയിൽ പോർടിംഗ് യുണെറ്റഡ് ഫുട്ബാൾ അക്കാഡമിയുടെ അമരക്കാരിൽ ഒരാളും മലപ്പുറം ചെട്ടിപ്പടി സ്വദേശിയുമായ ഇസ്ഹാഖ് പുഴക്കലകത്തിന്റെയും അൻസാറ കടവത്തിന്റെയും മകളാണ്. ഹന്ന ഇസ്‌ഹാഖ്, ഹൈദർ ഇസ്‌ഹാഖ് എന്നിവർ സഹോദരങ്ങൾ.