സുൽത്താൻ ബത്തേരി: വടക്കനാട് പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരമായി നിർദ്ദേശിച്ച പദ്ധതികളൊന്നും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 16-ന് വന്യജീവി കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രൂക്ഷമായ വന്യമൃഗശല്യം അനുഭവപ്പെടുന്ന വടക്കനാട് ,പണയമ്പം, അമ്പത് ഏക്കർ, പള്ളിവയൽ, ചെമ്പരത്തിമൂല, മണലിമൂല, തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളാണ് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ പേരിൽ വന്യമൃഗശല്യത്തിനെതിരെ 2018-ൽ രംഗത്തിറങ്ങിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രദേശത്തെ മുഴുവൻ ജനങ്ങളും വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വന്യജീവി കാര്യാലയത്തിന് മുന്നിൽ മാസങ്ങൾ നീണ്ട നിരാഹാര സമരം നടത്തി. വിഷയം നിയമസഭയിൽ എത്തിയതോടെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമായി ക്രാഷ് ഗാർഡ് അയൺ റോപ്പ് ഫെൻസിംഗ് നടപ്പിലാക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു പദ്ധതിയും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല വന്യമൃഗശല്യം മുമ്പെന്നേത്തെക്കാളും വർദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരം കൂടുതൽ ശക്തമാക്കൻ സമിതി തീരുമാനിച്ചത്.
34 കിലോമീറ്റർ ഡി.പി.ആർ തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചങ്കിലും ക്രാഷ് ഗാർഡ് അയേൺ റോപ്പ് ഫെൻസിംഗിനായി 4.5 കിലോമീറ്റർ മാത്രമാണ് നടപ്പിലാക്കാൻ ഉത്തരവുണ്ടായത്. ഇതിനായി കിഫ്ബിയിൽ നിന്ന് രണ്ടരകോടിയോളം രൂപ അനുവദിക്കുകയും ചെയ്തു.എന്നാൽ നിർമ്മാണം നടത്താൻ വനം വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.
കർഷകനെതിരെ നിരന്തരമായി കള്ളക്കേസുകൾ ചുമത്തുന്ന വനപലകരുടെ പ്രവണത അവസാനിപ്പിക്കുക, വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിനായി കൂടുതൽ വാച്ചർമാരെ നിയമിക്കുക, വടക്കനാട് പ്രദേശത്തേക്ക് വനത്തിലൂടെ പ്രവേശിക്കുന്ന റോഡുകളിൽ സോളാർ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുക, വന്യമൃഗങ്ങൾ നശിപ്പിച്ച വിളകൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.

വ്യാഴാഴ്ച കാലത്ത് 10 മണിക്ക് അസംപ്ഷൻ ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കും മാർച്ച് എഫ്.ആർ.എഫ് ജില്ലാ ചെയർമാൻ എ.സി.തോമസും, വന്യജീവികാര്യാലയത്തിന് മുന്നിൽ നടക്കുന്ന ധർണ മുൻസിപ്പൽ ചെയർമാൻ ടി.എൽ.സാബുവും ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ സമിതി ഭാരവാഹികളായ ബെന്നി കൈനിക്കൽ, വി.സി.ഷൈൻ, കരുണാകരൻ വെള്ളക്കെട്ട്, പ്രേമൻ എന്നിവർ പങ്കെടുത്തു.

ബാങ്കും എ.ടി.എമ്മും അടച്ചു
സുൽത്താൻ ബത്തേരി: കാനറ ബാങ്ക് പുൽപ്പള്ളി ശാഖയിലെ മാനേജർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കാനറ ബാങ്കിന്റെ ബത്തേരി ശാഖയും ഇവിടുത്തെ എ.ടി.എം കൗണ്ടറും അടച്ചുപൂട്ടി. ഇദ്ദേഹവുമായി പ്രഥമിക സമ്പർക്കമുള്ളതിനാൽ ബാങ്കിന്റെ ബത്തേരി ശാഖയിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിലാണ്. ഇതോടെയാണ് ബാങ്ക് അടച്ചുപൂട്ടിയത്.

ബാങ്കിന്റെയും എ.ടി.എം കൗണ്ടറിന്റെയും മുൻവശത്തായി ബാങ്ക് അടച്ചുകൊണ്ടുള്ള അറിയിപ്പ് നോട്ടീസ് പതിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാങ്ക് പ്രവർത്തിക്കുന്നതല്ലെന്ന് നോട്ടീസിൽ വ്യക്തമാക്കി.

ധർണ നടത്തി
സുൽത്താൻ ബത്തേരി: സ്വർണ്ണ കള്ളക്കടത്തുകാർക്ക് സർക്കാർ സംരക്ഷണം നൽകുകയാണെന്ന്ആരോപിച്ചും,പിൻവാതിൽ നിയമനം അവസാനിപ്പിക്കണെമെന്നും ആവശ്യപ്പെട്ടും ഐ.എൻ.ടി.യു.സി ബത്തേരി റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി.വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മോട്ടോർ വിഭാഗം സംസ്ഥാന സെക്രട്ടറി ഉമ്മർ കുണ്ടട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എ.ഗോപി, അസീസ് മാടാല, കെ.ജി.ബാബു, ഗഫൂർ പുളിക്കൽ, ഷിജു തോട്ടത്തിൽ, വി.വി.ഷിനോജ്, പി.ഹാരീസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ
ബത്തേരി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു