മുക്കം: യു.ഡി.എഫ് ഭരിക്കുന്ന മുക്കം സർവീസ് സഹകരണ ബാങ്കിനെതിരെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി.പി.എം. നീക്കം നടത്തുന്നതായി ആരോപിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പുതിയറയിലെ ഓഫീസിന് മുന്നിൽ യു.ഡി.എഫ് ധർണ്ണ. മുക്കം മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. 2008ൽ കള്ളവോട്ടിലൂടെ ബാങ്ക് പിടിച്ചെടുക്കാൻ ശ്രമം നടന്നു. 2018ൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു, വരണാധികാരിയുടെ സഹായത്തോടെ പകുതിയിലധികം അംഗങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കി. ഫലം പ്രഖ്യാപിക്കാൻ പോലും കൂട്ടാക്കിയില്ല, പൊലീസിന്റെയും കോടതിയുടെയും ഇടപെടൽ മുഖേന ഭരണസമിതി അധികാരമേൽക്കേണ്ടി വന്നു, അതിനുശേഷവും സി.പി.എം ബാങ്കിനെതിരെ പരാതികൾ നൽകുകയും ഭരണസമിതിയെ അട്ടിമറിക്കാൻ നീക്കം നടത്തുകയുമാണെന്ന് നേതാക്കൾ ആരോപിച്ചു. ടി.ടി. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.കെ. കാസിം മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ. ആന്റണി, ദാവൂദ് മുത്താലം, പി.ടി. ബാലൻ, ഒ.കെ. ബൈജു, എ.എം അബ്ദുള്ള, ടി.കെ. ഷറഫുദ്ദീൻ, എം.കെ. മുനീർ, ഗഫൂർ കല്ലുരുട്ടി, എൻ.വി. ഷാജൻ, സാഹിർ കല്ലുരുട്ടി, എൻ.വി. നൗഷാദ്, പി.എം. നാരായണൻ എന്നിവർ സംസാരിച്ചു.