covid-19
വടകര പഴയ സ്റ്റാൻഡ് പരിസരം അണുവിമുക്തമാക്കുന്നതിനു മുന്നോടിയായി പൊലീസ് സംഘം എത്തിയപ്പോൾ

വടകര: നഗരത്തിൽ രണ്ടു പീടികത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജനം ആശങ്കയുടെ മുൾമുനയിൽ. പഴയ ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ചന്തപ്പറമ്പിലെ പച്ചക്കറിക്കടയിലെയും അടക്കാത്തെരുവിലെ കൊപ്രക്കടയിലെയും തൊഴിലാളികൾക്കാണ് കൊവിഡ് ബാധ. വടകര സ്വദേശികളായ ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നു വ്യക്തമായിട്ടില്ല. ചന്തപ്പറമ്പും അടക്കാത്തെരുവും 14 ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.

പച്ചക്കറി തൊഴിലാളി കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പോയതായി പറയുന്നു. കൊപ്ര തൊഴിലാളി മാസങ്ങൾക്കു മുമ്പ് വിദേശത്തു നിന്ന് എത്തിയതാണ്.

ചന്തപ്പറമ്പിലേക്കുള്ള പ്രവേശനം പൊലീസ് പൂർണമായും തടഞ്ഞു. പഴയ സ്റ്റാൻഡിലേക്കും പ്രവേശനമില്ല. അടക്കാത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളും പൊലീസ് അടപ്പിച്ചു. ചന്തപ്പറമ്പും പരിസരവും വടകര ഫയർ ഫോഴ്സുകാർ അണുവിമുക്തമാക്കി.

ഇന്ന് രാവിലെ പഴയ സ്റ്റാൻഡ് പരിസരത്തും അടക്കാത്തെരുവിലുമായി ഇരുന്നൂറോളം പേരുടെ സ്രവം പരിശോധനയ്ക്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ രണ്ടു ഭാഗങ്ങളിലുമായി ഫസ്റ്റ്, സെക്കൻഡ് കോൺടാക്ടിലുള്ളവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.