കുന്ദമംഗലം: കൊവിഡ് 19 കാലത്ത് രാജ്യമെങ്ങും സ്തംഭിച്ചിരിക്കെ ഇതൊന്നും കൂസാതെ കുന്ദമംഗലം. മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളുടെ കെട്ടിടം പണിയൊക്കെ അതിവേഗം പുരോഗമിക്കുന്നതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.

കുന്ദമംഗലം ഗവ. കോളേജിലെ കെട്ടിട നിർമ്മാണം ഈയാഴ്ച ആരംഭിക്കും. കിഫ്ബിയിൽ ഫണ്ട് അനുവദിച്ച ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിടം പൂർത്തിയായെന്ന് ഊരാളുങ്കൽ സൊസൈ​റ്റി അറിയിച്ചു. കു​റ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്‌കൂൾ പ്രവൃത്തി വേഗത്തിലാണെന്ന് നിർവഹണ ഏജൻസിയായ വാപ്‌കോസ് പ്രതിനിധികൾ റിപ്പോർട്ട് ചെയ്തു.

ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പ്രവൃത്തി ആരംഭിച്ചതായും 2021 മാർച്ച് 31നകം പൂർത്തിയാക്കുമെന്നും കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ പറഞ്ഞു. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റേയും ഒളവണ്ണ ഗവ. എൽ.പി സകൂൾ കെട്ടിടത്തിന്റേയും പ്രവൃത്തികൾ ടെൻഡർ ചെയ്തെന്നും പടനിലം ഗവ. എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവർത്തികൾക്കുള്ള ടെൻഡർ നടപടി തുടരുന്നതായും പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കുന്ദമംഗലം മിനി സിവിൽ സ്​റ്റേഷൻ ആഗസ്ത് 10 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കുന്ദമംഗലം പൊലീസ് സ്​റ്റേഷൻ റോഡ്, ഗേ​റ്റ് നിർമ്മാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് അനുവദിച്ച ഒരു കോടി രൂപയുടെ പ്രവൃത്തി
നടത്താൻ ഡി.പി.ആർ തയ്യാറാക്കുന്നതിൽ മാവൂർ പഞ്ചായത്ത് സഹകരിക്കാത്തതിനെ എം.എൽ.എ വിമർശിച്ചു. നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനുള്ള യോഗത്തിൽ മണ്ണ് പരിശാധന നടത്തുന്നതിന് കത്ത് നൽകിയിരുന്നെങ്കിലും പഞ്ചായത്ത് സഹകരിക്കാത്തതിനാൽ ഡി.പി.ആർ തയ്യാറാക്കാൻ സാധിച്ചിട്ടില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അസി. എക്‌സി. എൻജിനീയർ റിപ്പോർട്ട് കൊടുത്തിരുന്നു. ഇതിലാണ് എം.എൽ.എ വിമർശിച്ചത്. ആറ് സ്‌കൂളുകൾക്കാണ് ഒരു കോടി രൂപ വീതം അനുവദിച്ചിരുന്നത്.

മാവൂർ ജി.എം.യു.പി സ്‌കൂൾ, മണക്കാട് ജി.യു.പി സ്‌കൂൾ എന്നിവയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കുന്ന പ്രവൃത്തി ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. യോഗത്തിൽ പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സി. എൻജിനീയർ കെ. ലേഖ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ വി.വി അജിത് കുമാർ, അസി. എക്‌സി. എൻജിനീയർമാരായ ഒ. സുനിത, എൻ. സിന്ധു, സി.കെ സതീഷ്‌കുമാർ, പി.പി ലേഖ പത്മൻ, യു.എൽ.സി.സി.എസ്, വാപ്‌കോസ്, കൈ​റ്റ്, എൽ.എസ്.ജി.ഡി, പി.ഡബ്ല്യു.ഡി തുടങ്ങിയ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.