നാദാപുരം: നാദാപുരത്ത് നാന്നൂറ് പേരെ കൊവിഡ് ആന്റിജൻ ബോഡി ടെസ്റ്റിന് വിധേയരാക്കിയപ്പോൾ 37 പേരുടെ ഫലം പോസറ്റിവെന്നു കണ്ടെത്തി. ഇതോടെ നാദാപുരം മേഖല കർക്കശ നിയന്ത്രണത്തിലാവുകയാണ്.
തൂണേരിയിൽ 67കാരിക്കും 27കാരനും നാദാപുരത്ത് 34കാരിക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
തൂണേരിയിൽ ജനപ്രതിനിധി അടക്കമുളളവരുടെ ആന്റിജൻ പരിശോധന ഫലം പോസറ്റീവായത് ആരോഗ്യ പ്രവർത്തകരിൽ ആശങ്ക പരത്തി. രോഗികളുടെ സമ്പർക്കപ്പട്ടിക അറുന്നൂറിൽ പരമുണ്ടെന്നാണ് സൂചന. ഇന്ന് മുതൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയരാക്കാനാണ് അധികൃതരുടെ തീരുമാനം.
സാമൂഹിക അകലം ഉറപ്പാക്കാൻ ബാങ്കുകൾ,സൂപ്പർ മാർക്കറ്റ്, ക്ലിനിക്കുകൾ, കടകൾ എന്നിവിടങ്ങളിൽ നാദാപുരം എസ്.ഐ സജീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്ബാബു എന്നിവരുടെ നേത്യത്വത്തിൽ പരിശോധന നടത്തി.
നാദാപുരം ഗ്രാമപഞ്ചായത്തിൽ വിളിച്ചു ചേർത്ത പ്രത്യേക അലോകന യോഗത്തിൽ ഇ.കെ.വിജയൻ എം.എൽ.എ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.സഫീറ സംബന്ധിച്ചു.