കോഴിക്കോട്: സമഗ്ര മാറ്റങ്ങളോടെ ബീച്ച് ആശുപത്രിയിലെ നവീകരണ പ്രവൃത്തികൾ ഒരു മാസത്തിനകം പൂർത്തിയായി. അടിയന്തര ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാർക്ക് കൊവിഡ് സാഹചര്യത്തിൽ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഇവിടെ നവീകരണം നടപ്പാക്കുകയായിരുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇന്ന് ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും.
അടിയന്തരാവശ്യം മുന്നിൽ കണ്ട് ഏപ്രിലിൽ ആരംഭിച്ച കാർഡിയാക് യൂണിറ്റിൽ മികച്ച സൗകര്യങ്ങളായിക്കഴിഞ്ഞു. ഇപ്പോൾ സർജറി, മെഡിസിൻ, ഓർത്തോ, ഇ.എൻ.ടി, ഒഫ്‌താൽമോളജി, അനസ്‌തേഷ്യ യൂണിറ്റുകളെല്ലും ആശുപത്രിയിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
കാർഡിയോളജി ഒ.പി എന്ന പോലെ വാർഡ്, ഐ.സി.യു എന്നിവയുടെ പ്രവർത്തനവും കൂടുതൽ കാര്യക്ഷമമാവുകയാണ്. 4.12 കോടി മുടക്കിയാണ് കാർഡിയോളജി വിഭാഗം സജ്ജീകരിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഫണ്ട് ഉപയോഗിച്ച് 92 ലക്ഷം രൂപ ചെലവിൽ മെഡിക്കൽ ഐ.സി.യുവും പൂർത്തിയാക്കി. ഇവിടെ 20 കിടക്കകളുണ്ട്. സ്‌ട്രോക്ക് യൂണിറ്റ്, കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം എന്നിവയും ഒരുക്കിക്കഴിഞ്ഞു. ആറ് പുതിയ വെന്റിലേറ്ററുകൾ പ്രവർത്തനസജ്ജമായി.
അസ്ഥിരോഗ വിഭാഗത്തിലേക്ക് സി ആം, കാർഡിയോളജി വിഭാഗത്തിൽ ടി.എം.ടി മെഷീൻ, പൾമനോളജി വിഭാഗത്തിൽ ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി, എക്‌സ് - റേ മെഷീൻ, അനസ്‌തേഷ്യ വർക്ക് സ്‌റ്റേഷൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.