കോഴിക്കോട്: സ്വർണക്കടത്ത് കേസ്സിലെ പ്രതികൾക്ക് ഒളിവിൽ പോകാൻ ഒത്താശ ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര വകുപ്പുമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ ടി.സിദ്ദിഖ് ആരോപിച്ചു.

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നയതന്ത്ര ചാനലിലൂടെയുള്ള കോടികളുടെ കടത്ത് പുറത്ത് വന്നിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ സ്വപ്‌നയ്ക്കും സന്ദീപിനും രക്ഷപ്പെടാൻ പഴുതുണ്ടാക്കുകയായിരുന്നു മുഖ്യമന്ത്രി. എൻ.ഐ.എ കുരുക്ക് മുറുകിയപ്പോൾ മാത്രമാണ് സ്വപ്‌നയുടെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രക്ഷോഭകർ പിന്നീട് കളക്ടറേറ്റ് പടിക്കൽ കുത്തിയിരുന്ന് മുദ്രാവക്യം വിളിച്ച് പ്രതിഷേധിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സത്യൻ കടിയങ്ങാട്, അബ്ദുറഹ്‌മാൻ ഇടക്കുനി, എസ്.കെ. അബൂബക്കർ, മനയ്ക്കൽ ശശി, സി.പി. സലീം, പി.പി. നൗഷീർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ.വി.ടി. നിഹാൽ, മനയ്ക്കൽ ശശി, പി.പി. നൗഷീർ തുടങ്ങിയവർ പങ്കെടുത്തു.