ചടങ്ങുകൾക്ക് കർശന നിയന്ത്രണം
ജില്ല വിട്ടുപോവുന്നവർ അറിയിക്കണം
കോഴിക്കോട്: തൂണേരിയിൽ നാല്പതിലേറെ പേർക്ക് ആന്റിജൻ ടെസ്റ്റിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കൂടുതൽ പേരെത്തുന്ന ചടങ്ങുകൾക്കും പരിപാടികൾക്കും കർശനനിയന്ത്രണമുണ്ടാവും. രാഷ്ട്രീയ പാർട്ടി യോഗങ്ങളിലും പരിപാടികളിലും പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ല കളക്ടർ എസ്. സാംബശിവറാവു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങുകൾക്കും പരിപാടികൾക്കും പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങുകയും വേണം.
കണ്ണൂരിലും കോഴിക്കോട്ടും മരണവീടുകളിൽ പോയവരിൽ നിന്നാണ് തൂണേരിയിൽ രോഗം പടർന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ സമ്പർക്കസാദ്ധ്യത എല്ലായിടത്തും തടയേണ്ടതുണ്ട്.
വിവാഹ പരിപാടികളിൽ അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. ഇരുപതിലേറെ പേർ മരണ വീടുകളിൽ എത്തരുത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നത് സാഹചര്യം അനുവദിക്കില്ല. ജില്ല വിട്ട് പോവുന്നവർ ആർ.ആർ.ടിയെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തൂണേരിയിൽ രണ്ട് പേർക്കും നാദാപുരത്ത് ഒരാൾക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. മരണവീട്ടിൽ കൂടുതൽ പേർ എത്തിയതാണ് ഇങ്ങനെ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത്.
തൂണേരിയിൽ ജനപ്രതിനിധിയുൾപ്പെടെ രോഗബാധിതരായി. പ്രദേശത്ത് കൂടുതൽ പരിശോധന നടത്തുന്നുണ്ട്. നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്.