സുൽത്താൻ ബത്തേരി: ബത്തേരിയിലും പരിസരങ്ങളിലും തെരുവ് നായയുടെ കടിയേറ്റ് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ ഏഴ്‌ പേർക്ക് പരിക്കേറ്റു. ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് ഏഴ് മണിയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ബത്തേരി ചുങ്കത്ത് വെച്ച് കുട്ടി എന്ന 38 കാരിയെയാണ് തെരുവ് നായ ആദ്യം ആക്രമിച്ചത്. തുടർന്ന് കൈപ്പഞ്ചേരിയിൽ നടക്കാനിറങ്ങിയ ഇബ്രാഹീമി (68)ന് നായയുടെ കടിയേറ്റു. ഒമ്പത് മണിയോടെ മാക്കുറ്റിയിൽ വീടിന് മുന്നിൽ നിന്നിരുന്ന റിൻഷാ ഫാത്തിമയെ (13) നായ ഓടിച്ചിട്ട് കടിച്ചു. അമ്മായിപ്പാലത്ത് വെച്ച് മൂലങ്കാവ് സ്വദേശിയായ അനീഷ് (48)ന് കടിയേറ്റു. അമ്മായിപ്പാലത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന സെന്ന സെൽഹ (8)നും മലങ്കര കോളനിയിലെ ശാന്ത(45), മലങ്കര ഗെയിറ്റിലെ അമാനി ജെനൂദിയ (4) എന്നിവർക്കും നായയുടെ കടിയേറ്റു.
ബത്തേരി ചുങ്കം, കൈപ്പഞ്ചേരി, അമ്മായിപ്പാലം, മാക്കുറ്റി എന്നിവിടങ്ങളിലാണ് തെരുവ് നായ ആളുകളെ കടിച്ച് പരിക്കേൽപ്പിച്ചത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് നിഗമനം. കടിച്ചത് പേപ്പട്ടിയാണോ എന്ന കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്.

മാസങ്ങൾക്ക് മുമ്പും സമാനരീതിയിൽ തെരുവ് നായയുടെ കടിയേറ്റ് പതിനാറ് പേർ ചികിൽസതേടുകയുണ്ടായി. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം ഇവിടെ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.