സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ലോറിയിൽ കടത്തികൊണ്ടുവരികയായിരുന്ന 48360 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും എക്‌സൈസ് റെയിഞ്ച് പാർട്ടിയും ചേർന്ന് ബത്തേരിയിൽ വെച്ച് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ജംഷീർ(34) അബ്ദുൾ ബഷീർ (44) എന്നിവരെ അറസ്റ്റ് ചെയ്തു. പുകയില കയറ്റിവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ ബത്തേരി ചീരാൽ റോഡിൽ വെച്ച് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 30 ചാക്ക് ഹാൻസും, 4 ചാക്ക് കൂൾലിപ്പുമാണ് ലോറിയിൽ കടത്തികൊണ്ടുവന്നത്. ഒരു ചാക്കിൽ 1500 പാക്കറ്റ് വരുന്ന മുപ്പത് ചാക്ക് ഹാൻസും 840 എണ്ണം വരുന്ന 4 ചാക്ക് കൂൾലിപ്പുമാണുണ്ടായിരുന്നത്. കർണാടകയിൽ നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവരികയായിരുന്നു ഇത്.
എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ എം.കെ.സുനിൽകുമാർ, ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ വി.ആർ.ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർ കെ.രമേഷ്, എം.ബി.ഹരീദാസൻ, കെ.കെ.അനിൽകുമാർ, എ.എസ്.അനീഷ്, ഇ.ബി.അനീഷ്, ഡ്രൈവർ അൻവർ സാദത്ത് എന്നിവരാണ് പരിശോധന നടത്തിയത്.