സുൽത്താൻ ബത്തേരി: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ അതിർത്തി വഴി കേരളത്തിലേക്ക് എത്തുന്നവർ ക്വാറന്റൈയിനിൽ പ്രവേശിക്കുന്നതിന് മുമ്പ് വഴിയിലിറങ്ങി ചുറ്റിയടിക്കുന്നുണ്ടോ എന്നറിയാൻ പൊലീസ്. മുത്തങ്ങയിലെ ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് വഴികണ്ണ് എന്ന സ്റ്റിക്കർ പതിപ്പിച്ചു വിടുന്ന വാഹനങ്ങളിലെ യാത്രക്കാർ കടകളിലും മറ്റും കയറിയിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് പിൻതുടരാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഇങ്ങനെ കടകളിൽ കയറിയിറങ്ങിയ 25 പേർക്കെതിരെ പൊലീസ് നടപടിയെടുത്തു.
കഴിഞ്ഞ ദിവസങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് പരിശോധന കഴിഞ്ഞ് സ്റ്റിക്കർ പതിച്ച് പുറത്തിറങ്ങിയ വാഹനത്തിലെ യാത്രക്കാർ നായ്‌ക്കട്ടിയിലും ബീനാച്ചിയിലും കടകളിൽ കയറിയിരുന്നു. സ്റ്റിക്കർ പതിപ്പിച്ച വാഹങ്ങൾ സ്റ്റിക്കർ നീക്കി യാത്രക്കാർ കടകളിൽ കയറിയ സംഭവവും ഉണ്ടായി. ഇതോടെയാണ് നിരീക്ഷണം ശക്തമാക്കാനും ഏത് ജില്ലയിലേക്കാണോ പോകേണ്ടത് അവിടുത്തെ ക്വാറന്റൈയിൻ സെന്റർ വരെ പൊലീസിന്റെ നിരീക്ഷണം യാത്രക്കാരുടെ മേൽ തുടരാനും തീരുമാനിച്ചത്.
വിദേശങ്ങളിൽ നിന്നോ അന്യസംസ്ഥാനങ്ങളിൽ നിന്നോ അതിർത്തിയിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാസിന്റെ ആവശ്യമില്ല. ജില്ലയിലെ പരിശോധന കേന്ദ്രങ്ങളിൽ നിന്ന് അവർക്ക് പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത നിറങ്ങളിലുള്ള സ്റ്റിക്കർ പതിച്ചു നൽകും. ഫെസിലിറ്റേഷൻ സെന്ററിലെ പരിശോധനയ്ക്ക് ശേഷം ഏത് ജില്ലയിലേക്കാണോ പോകേണ്ടത് ആ ജില്ലയ്ക്ക് നൽകിയിരിക്കുന്ന കളർ അനുസരിച്ചുള്ള സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കും. ഇവർ നേരെ ക്വാറന്റൈയിനിലേക്കാണ് പോകേണ്ടത്. വഴിക്ക് എവിടെയും വാഹനം നിർത്താൻ പാടില്ല.
യാത്രക്കാരുമായി വരുന്ന ടാക്സി ഡ്രൈവർമാർ ആളുകളെ ഇറക്കിയ ശേഷം തിരികെ അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ എത്തി സ്റ്റിക്കർ തിരികെ ഏൽപ്പിക്കണം.
കല്ലൂർ ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ റോഡ് വിജിൽ ആപ്പിലും രേഖപ്പെടുത്തും.
അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ അവിടെ കഴിയുന്ന കേരളീയർ കൂട്ടമായി എത്താൻ തുടങ്ങിയതോടെ വൻ തിരക്കാണ് കല്ലൂർ ഫെസിലിറ്റേഷൻ സെന്ററിൽ.