എടച്ചേരി: എടച്ചേരി പഞ്ചായത്തിന്റെ സമീപത്ത് കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ മാത്രമേ തുറക്കാവൂ എന്ന് നിർദ്ദേശം. ബാങ്കുകളിലും ഓഫീസുകളിലും എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും സ്ഥാപനങ്ങളിൽ സാനിറ്റൈസർ ലഭ്യമാക്കണമെന്നും എടച്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കും. വിവാഹം, മരണം നടന്ന വീടുകളിൽ അധികം ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണം. ജനങ്ങൾ കൂട്ടം ചേരരുതെന്നും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആദർശ്, എസ്.ഐ ആർ.എൻ പ്രശാന്ത്, വില്ലേജ് ഓഫീസർ അനിൽ കുമാർ, പഞ്ചായത്ത് അസി. സെക്രട്ടറി എം.സി സജീവൻ, രാഷ്ട്രീയ നേതാക്കളായ രാജീവ് വള്ളിൽ, യു.പി മൂസ, വത്സരാജ് മണലാട്ട്, ടി.കെ ബാലൻ, ഇ.കെ സജിത്കുമാർ, സി.എം ശിവപ്രസാദ്, സി. സുരേന്ദ്രൻ, പി.കെ സത്യൻ, എം.കെ രാജൻ എന്നിവർ സംസാരിച്ചു.