worker
അഴിയൂരിൽ അഭ്യസ്തവിദ്യരായ യുവാക്കളിൽ നിന്ന് തൊഴിലുറപ്പ് പദ്ധതിയിലേക്കുള്ള അപേക്ഷ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ സ്വീകരിച്ചപ്പോൾ

വടകര: കൊവിഡ് വ്യാപനം വരുത്തിവെച്ച മരവിപ്പ് മറികടക്കാൻ അഴിയൂരിൽ തൊഴിലുറപ്പ് പദ്ധതിയിലേക്ക് എത്തുന്നവരിൽ അഭ്യസ്തവിദ്യരായ യുവാക്കളും. ഏതു തൊഴിലുമെടുക്കാൻസന്നദ്ധരായി അഞ്ചാം വാർഡിൽ ഡിഗ്രി കഴിഞ്ഞ മൂന്നു പേരും രണ്ടു ഐ ടി ഐ ക്കാരും മുന്നോട്ടു വന്നിരിക്കുകയാണ്. ദിവസം 291 രൂപയാണ് ഇപ്പോൾ തൊഴിലുറപ്പുകാർക്കുള്ള കൂലി.

മണ്ണ് - ജല സംരക്ഷണം, സുഭിക്ഷ കേരളം, വ്യക്തിഗത ആസ്തികൾ എന്നീ മേഖലകളിലായിരിക്കും തൊഴിൽ ലഭിക്കുക. മുന്തിയ ജോലി തന്നെ വേണമെന്ന ശാഠ്യമില്ലാതെ അഞ്ചാം വാർഡിൽ തൊഴിൽ കാർഡ് എടുത്ത വിദ്യാസമ്പന്നർ അശ്വന്ത് സജികുമാർ, മിഥുൻ കൃഷ്ണ, ഹരികൃഷ്ണൻ, എം.ആർ.അക്ഷയ്, അക്ഷയ പുരുഷു എന്നിവരാണ്.

അഴിയൂരിന്റെ കാര്യത്തിൽ ഈ അഞ്ചംഗ സംഘത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തൊഴിലുറപ്പുകാരുടെ നിരയിലേക്ക് ആദ്യമെത്തുന്ന പുരുഷ തൊഴിലാളികളാണ് ഇവർ. ഇതുവരെ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട 1537 തൊഴിലാളികളും സ്‌ത്രീകളാണ്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡിന് വേണ്ടിയുള്ള അപേക്ഷ അഞ്ചുപേരും പുതുതായെത്തിയ അഞ്ചു പേരും പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന് തൊഴിൽ കാർഡിനുള്ള അപേക്ഷ സമർപ്പിച്ചതിന് പിറകെ വൈകാതെ അത് അനുവദിച്ചുകിട്ടി. തൊഴിലുറപ്പ് പദ്ധതിയുടെ നിയമവശങ്ങൾ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് വിശദീകരിച്ചു.

കഴിഞ്ഞ 14 ന് തൊഴിൽ കാർഡ് കിട്ടിയെങ്കിലും ഇവർക്ക് ഇതുവരെ പണിയ്ക്കിറങ്ങാനായിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ മേഖല മൂന്നാംതവണയും കണ്ടെയ്ൻമെന്റ് സോണായി മാറിയതോടെ, ഇനി അതു കഴിയുവരെ കാത്തിരിക്കുകയേ നിർവാഹമുള്ളൂ.

ഈ യുവസേനയുടെ പാതയുടെ പിന്തുടർന്ന് മറ്റു വാർഡുകളിലും അഭ്യസ്തവിദ്യർ തൊഴിലുറപ്പിലേക്ക് കടന്നുവരാൻ തയ്യാറാവുന്നുണ്ട്.

പഞ്ചായത്തിൽ താമസക്കാരായ, 18 പൂർത്തിയായ ആർക്കും തൊഴിൽ കാർഡിനായി അപേക്ഷിക്കാം. മറ്റു പലയിടങ്ങളിൽ നിന്നും വിഭിന്നമായി അഴിയൂരിൽ തൊഴിൽ ഉപകരണങ്ങൾക്കു പുറമെ മഴക്കോട്ട്, ഷൂസ് തുടങ്ങിയവയും തൊഴിലാളികൾക്ക് നൽകുന്നുണ്ട്.