കുന്ദമംഗലം: സംസ്ഥാനത്ത് നൂതന കോഴ്‌സുകളുമായുള്ള ഓപ്പൺ യൂണിവേഴ്‌സി ഈ അദ്ധ്യയനവർഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ വ്യക്തമാക്കി.
കുന്ദമംഗലം ഗവ. കോളജിന് 5 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അക്കാദമിക്
ബ്ലോക്ക് രണ്ടാംഘട്ടത്തിന്റേയും 2.5 കോടി രൂപ ചെലവിൽ പണിയുന്ന ചുറ്റുമതിലിന്റെയും പ്രവൃത്തി ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതുതായി 1,000 തസ്തിക സൃഷ്ടിക്കാൻ സർക്കാർ
നടപടി സ്വീകരിച്ചുവരികയാണ്. സമയബന്ധിതമായി പരീക്ഷകൾ നടത്തി ഫലം
പ്രസിദ്ധീകരിക്കുന്നതിനു വഴിയൊരുക്കിയത് കാര്യമായ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വില കൊടുത്ത് വാങ്ങി കൈമാറിയ 5 ഏക്കർ 10 സെന്റ് സ്ഥലത്ത് എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3.25 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിലാണ് ഇപ്പോൾ കോളജ് പ്രവർത്തിക്കുന്നത്. വൈദ്യുതീകരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും എം.എൽ.എ ഫണ്ടിൽ നിന്നു തുക അനുവദിച്ചിരുന്നു. 1,164 ചതുശ്ര മീറ്റർ വീതമുള്ള രണ്ട് നിലകളാണ് പുതുതായി നിർമ്മിക്കുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 10.74 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ്. പുതിയ കെട്ടിടങ്ങളാവുന്നതോടെ തൊഴിൽസാദ്ധ്യത കൂടുതലുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി. എൻജിനിയർ കെ. ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേണ്ടാട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, ടി.എ. രമേശൻ, എൻ. സുരഷ്, പ്രൊഫ.വി.പി.ബഷീർ, ഷാജി ആന്റണി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.സജി സ്റ്റീഫൻ സ്വാഗതവും ഡോ.കെ.മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.