പേരാമ്പ്ര: കൊവിഡ് പോസിറ്റീവായ എരവട്ടൂർ സ്വദേശിനി സന്ദർശിച്ച പേരാമ്പ്രയിലെ എസ്.ബി.ഐ, ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളും പരിസരവും അഗ്‌നിശമന സേന അണുവിമുക്തമാക്കി. തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ജീവനക്കാരിയായ ഇവർ ജൂലായ് നാലിനാണ് നാട്ടിലെത്തിയത്. ജൂലായ് 6ന് മാർക്കറ്റ് പരിസത്തെ കേരള ഗ്രാമീൺ ബാങ്കും ഏഴിന് പേരാമ്പ്ര എസ്.ബി.ഐയും സന്ദർശിച്ചു. രണ്ട് ബാങ്കുകളിലും ഉച്ച സമയത്താണ് സന്ദർശിച്ചത്. സ്വദേശമായ എരവട്ടൂരിൽ നിന്ന് പേരാമ്പ്രയിലേക്ക് രണ്ട് ദിവസങ്ങളിലായി വരാൻ ഓട്ടോറിക്ഷ, ജീപ്പ്, ബസ് എന്നിവയിൽ യാത്ര ചെയ്തതായും കണ്ടെത്തി. എട്ടിന് തിരൂരങ്ങാടിയിലേക്ക് തിരിച്ചു. അവിടെ ചികിത്സയ്ക്കെത്തിയ നാടോടി സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർക്ക് നടത്തിയ സ്രവ പരിശോധനയിലാണ് പേരാമ്പ്ര സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ കുടുംബാംഗങ്ങളുടെ പരിശോധന ഇന്ന് നടത്തും. പൊലീസും ആരോഗ്യ പ്രവർത്തകരും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ സന്ദർശിച്ച സമയത്ത് ബാങ്കിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു.