ബാലുശ്ശേരി: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാൻ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ "പ്ലസ് ടു ഫസ്റ്റ് സ്റ്റെപ്പ് "പദ്ധതിക്ക് തുടക്കമായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെയും അദ്ധ്യാപകരുടെയും വളണ്ടിയർമാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലസ് വൺ ഓൺലൈൻ പ്രവേശനം ആരംഭിക്കുന്ന ദിവസം മുതൽ സേവനം പ്രയോജനപ്പെടുത്താം. എൻ. എസ്. എസ് യൂണിറ്റുകളുള്ള സ്കൂളുകളിൽ സേവനമുണ്ടാകും. പത്താം ക്ലാസ് വിജയിച്ചവർക്ക് സ്കൂളിൽ എത്തേണ്ട സമയം നിശ്ചയിച്ചു നൽകും. എൻ.എസ്.എസ് യൂണിറ്റുകൾ ഇല്ലാത്ത സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് യൂണിറ്റുള്ള തൊട്ടടുത്തെ സ്കൂളുകളിൽ സൗകര്യമൊരുക്കും. സൗജന്യമായി നൽകുന്ന സേവനം രണ്ട് ലക്ഷത്തോളം കുട്ടികൾക്ക് പ്രയോജനപ്പെടും. എൻ.എസ്.എസ് ഈ വർഷം സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാമത്തെ വലിയ പദ്ധതിയാണിതെന്ന് ജില്ല കോ ഓർഡിനേറ്റർ എസ്.ശ്രീചിത്ത് പറഞ്ഞു. ജില്ലയിലെ 139 എൻ.എസ്.എസ് യൂണിറ്റുകളിലെ 7000 വളണ്ടിയർമാർ പദ്ധതിയുടെ ഭാഗമാവും .