kunnamangalam-news
അഡ്വ. പി.ടി.എ റഹീം എം.എൽ.എ

കുന്ദമംഗലം: എന്തിനുമുണ്ട് ഒരു മറുപുറം എന്നതു ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ ആരും സമ്മതിക്കാതിരിക്കില്ല. കരുതലോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകടക്കയത്തിലാവും വീഴുക; പ്രത്യേകിച്ചും കുട്ടികൾ. ഓൺലൈൻ ക്ലാസിന്റെ മറപിടിച്ച്, കുട്ടികളിൽ വിരുത് കൂടിയവർ മൊബൈൽ ഫോണിൽ ഗെയിമുകളുടെയും മറ്റും മായക്കാഴ്ചകളിലേക്ക് മുങ്ങാൻ തുടങ്ങിയതിലേക്ക് വിരൽ ചൂണ്ടുകയാണ് അദ്ധ്യാപകരെന്ന പോലെ രക്ഷിതാക്കളും.

കൊവിഡ് ലോക്ക് ഡൗണിനിടെ ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിവെച്ചപ്പോൾ, കുട്ടികളുടെ കാര്യത്തിൽ ആശ്വാസം കൊണ്ട രക്ഷിതാക്കളിൽ പലർക്കും ഇപ്പോൾ വല്ലാത്ത ആധിയേറുകയാണ്. ക്ലാസുള്ളതിനാൽ വെറുതെ കളിച്ച് സമയം കളയില്ലല്ലോ എന്നതായിരുന്നു ആശ്വാസം. പക്ഷേ, ക്ളാസിനിടയിലും അകലങ്ങളിലിരുന്നുള്ള ഗെയിമുകളുടെ ത്രില്ലിലേക്ക് എടുത്തുചാടുകയാണെന്ന് രക്ഷിതാക്കളിൽ മിക്കവർക്കും ബോദ്ധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

മുമ്പ് അച്ഛന്റെയോ അമ്മയുടെയോ ഫോൺ കൈയിൽ കിട്ടുമ്പോഴേ ഗെയിമിലേക്ക് ഇറങ്ങാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ കുറേയേറെ കുട്ടികൾക്കെങ്കിലും സ്വന്തം സ്‌മാർട്ട് ഫോണായി. അച്ഛനും അമ്മയും ജോലിക്കാരെങ്കിൽ വീട്ടിൽ സ്വാതന്ത്ര്യം കൂടുതലായിരിക്കും. ഇനി രക്ഷിതാക്കളിലാരെങ്കിലും വീട്ടിലുണ്ടെങ്കിൽ തന്നെ അവരെ കബളിപ്പിക്കാൻ പോന്ന തന്ത്രങ്ങളൊക്കെ വിരുതുകൂടിയവർ വശത്താക്കിക്കഴിഞ്ഞു. ഗൂഗിളിന്റെ മായാലോകത്തേക്ക് ചിലപ്പോഴെങ്കിലും എത്തിനോക്കിയ കുട്ടികളിൽ മിക്കവരും ഇപ്പോൾ പാഠഭാഗത്ത് നിന്ന് ക്രമേണ അകലുകയാണ്. സ്‌മാർട്ട് ഫോൺ ഡിസ്‌പ്ലേയിൽ പകുതിഭാഗം ഓൺ ലൈൻ പഠനവും പകുതി ഗെയിമുമാക്കി സെറ്റ് ചെയ്യാനുള്ള പാടവം മൂന്നാം ക്ലാസുകാരൻ വരെ ആർജിച്ചുകഴിഞ്ഞു. രക്ഷിതാക്കൾ അടുത്ത് വരുമ്പോൾ ഓൺ ലൈൻ പഠനത്തിലേക്ക് ഡിസ്‌പ്ലേ വ്യാപിച്ചിരിക്കും. അവർ മാറിയാൽ വീണ്ടും പഴയ പടി. അകലങ്ങളിലിരിക്കുന്നവർക്ക് നെറ്റ് സൗകര്യം ഉപയോഗപ്പെടുത്തി ഒരേ സമയം ഗെയിമിൽ പങ്കാളികളാകാവുന്ന ഗെയിമുകൾ വരെ കുട്ടികൾക്കറിയാം.

രക്ഷിതാക്കൾ ഏറെ ജാഗ്രത പുലർത്തുക മാത്രമാണ് കുട്ടികൾ വഴിതെന്നി മാറുന്നത് തടയാനുള്ള പോംവഴിയെന്ന് അദ്ധ്യാപകർ ഓർമ്മിപ്പിക്കുന്നു. കഴിയുന്നതും മുതിർന്ന ആരെങ്കിലും പഠനവേളകളിൽ കുട്ടികൾക്കൊപ്പം ഇരിക്കണം. മറ്റു സമയങ്ങളിൽ ഫോൺ ഉപയോഗത്തിനു കടിഞ്ഞാണിടണമെന്നും അവർ പറയുന്നു.

കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം കൃത്യമായി നിരീക്ഷിക്കണം. പഠിക്കാനുള്ളതും ഡൗൺലോഡ് ചെയ്യുന്നത് രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ തന്നെയായിരിക്കണമെന്ന് നിഷ്കർഷിച്ചേ പറ്റൂ. സ്വതന്ത്രമായി നെറ്റ് ഉപയോഗിക്കുന്നത് തീർത്തും നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.

അഡ്വ. പി.ടി.എ റഹീം എം.എൽ.എ

 കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ആരെങ്കിലും ഇരുന്നുകൊടുക്കണം. ഫ്രീ സോഫ്റ്റ്‌വെയറായ ഉബുണ്ടുവിൽ അനവധി പഠനസംബന്ധിയായ ഗെയിമുകളേറയുണ്ട്. അവ കുട്ടികളെ പരിചയപ്പെടുത്തണം. ഓൺ ലൈൻ ക്ലാസുകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ തുടർക്ലാസുകളുമായി കുട്ടികളിൽ അധികഭാരം അടിച്ചല്പിക്കരുത്.

കെ.ജെ.പോൾ

കുന്ദമംഗലംഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ

 ക്ലാസിന്റെ തുടർപ്രവർത്തനങ്ങൾ യഥാസമയം ചെയ്യുന്നുണ്ടോ എന്ന് വീട്ടിലുള്ളവർ ഉറപ്പുവരുത്താൻ ശ്രമിച്ചാൽ തന്നെ ഫോൺ ദുരുപയോഗമുണ്ടോ എന്നു കണ്ടെത്താനാവും. എല്ലാ കാര്യങ്ങളും പങ്കു വെക്കാനുള്ള അന്തരീക്ഷം വീട്ടിൽ നില നിറുത്താനായാൽ ഫോണിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് കു‌ട്ടികളെ ബോദ്ധ്യപ്പെടുത്താൻ കഴിയും.

പി.കോയ,

റിട്ട.പ്രധാനഅദ്ധ്യാപകൻ

 വിക്ടേഴ്സ് ചാനലിൽ തന്നെ കുട്ടികൾ ക്ലാസുകൾ കാണണം. ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾക്ക് മാത്രം മൊബൈൽ ഫോൺ ഉപയോഗിച്ചാൽ മതി. അതും രക്ഷിതാവ് വീട്ടിലെത്തിയ ശേഷം മാത്രം. എല്ലാ സമയത്തും മൊബൈൽ കുട്ടികളുടെ കൈയിൽ വേണ്ട.

എ.കെ.സിജു.ബാലുശ്ശേരി,

അദ്ധ്യാപകൻ .