തൂണേരി: തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനു പുറമെ രണ്ടു മെമ്പർമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ മേഖലയിൽ രോഗബാധിതരുടെ എണ്ണം 53 ലെത്തി.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാദാപുരം, തൂണേരി പഞ്ചായത്തുകൾ അടച്ചിരിക്കുകയാണ്. ഇന്നലെ തൂണേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് 528 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കി.
പഞ്ചായത്ത് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത് ഓഫീസ് ഇന്നലെ അടച്ചു. ജീവനക്കാരെയും ഇന്നലെ സ്രവപരിശോധനയ്ക്ക് വിധേയരാക്കി. വിപുലമായ സമ്പർക്കപട്ടിക നിലവിലുള്ളതിനാൽ തൂണേരിയിലെ 4, 12, 14 വാർഡുകൾ അതീവജാഗ്രതാ പട്ടികയിലാണ്.
പെരിങ്ങത്തൂർ - നാദാപുരം സംസ്ഥാനപാതയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പെരിങ്ങത്തൂർ പാലത്തിൽ നിന്നാണ് തലശ്ശേരിയിലേക്ക് ബസ്സുകൾ സർവീസ് നടത്തുന്നത്.