കോഴിക്കോട്: ഓൺലൈൻ പഠനത്തിൽ അറബി ഉൾപ്പെടെയുള്ള ഭാഷയോട് അവഗണന കാട്ടുന്നതായി സമസ്ത എംപ്ലോയീസ് അസോസിയേഷൻ ആരോപിച്ചു. വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകളിൽ അറബി, ഉറുദു, സംസ്‌കൃതം വിഷയങ്ങൾക്ക് ക്ലാസുകളില്ല. എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ അരമണിക്കൂർ ക്ലാസ് മാത്രമാണ് ആരംഭിച്ചത്. ജൂൺ ഒന്നിന് ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ ടൈംടേബിളിൽ ഭാഷാ പഠനം ഉൾപ്പെടുത്തിയിരുന്നില്ല. അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ജൂൺ 15 മുതൽ ഭാഷാപഠനം ഉൾപ്പെടുത്തി. എന്നാൽ പത്താംക്ലാസിൽ മാത്രമാണ് പഠനം ആരംഭിച്ചത്.
അറബിയിൽ ഓൺലൈൻ ക്ലാസുകൾ തയാറാക്കാൻ മലപ്പുറം ഡയറ്റിനെ ഏൽപ്പിച്ചെന്നാണ് എസ്.സി.ഇ.ആർ.ടി അധികൃതർ നൽകിയ വിശദീകരണം. എന്നാൽ നടപടി ഇഴയുകയാണ്. അറിയിപ്പ് കിട്ടാൻ വൈകിയെന്നാണ് ഡയറ്റ് അധികൃതർ പറയുന്നത്. എപ്പിസോഡ് ചിത്രീകരണം പുരോഗമിക്കുന്നതായി വിശദീകരിക്കുമ്പോഴും ഒന്നും നടക്കുന്നില്ലെന്നും ഇവർ പറയുന്നു.
ഐ.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് നൽകുന്ന പ്രാധാന്യം പോലും കിട്ടുന്നില്ലെന്നും ഇവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാഷാ അദ്ധ്യാപകർ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പായിട്ടില്ല.
അറബി ഭാഷയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ബി.ആർ.സി തലത്തിലെ കൂട്ടായ്മകളിൽ നിന്ന് അദ്ധ്യാപകർ വിട്ടുനിൽക്കുകയാണ്. അദ്ധ്യാപക സംഘടനകൾ ബദൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും പ്രയോജനം മുഴുവൻ കുട്ടികൾക്കും ലഭിക്കുന്നില്ല. തമിഴ്, കന്നട വിഷയങ്ങൾ വിക്ടേഴ്‌സിൽ പഠിപ്പിക്കുമ്പോൾ ബഹുഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന ഭാഷകൾക്ക് ക്ലാസില്ലാത്തത് നീതി നിഷേധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മുഹമ്മദലി നാട്ടിക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എ.എം അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. പി.ടി. മുഹമ്മദ്, ഓമാനൂർ മുഹമ്മദ്, ഷാഹുൽ ഹമീദ് മേൽമുറി, എ.എം. പരീത്, എം. സുബൈർ, ഇബ്രാഹിം പള്ളങ്കോട്, കെ.പി. മുഹമ്മദ്, എ. സജ്ജാദ്, സലീം എടക്കര, പി.എ റഹ്മാൻ, അയ്യൂബ് കൂളിമാട്, ഹബീബ് തങ്ങൾ കണ്ണൂർ, എസ്. അഹ്മദ് ഉബൈൽ, ബഷീർപൂളക്കൽ, എം.പി. അബ്ദുറഹ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി മുസ്തഫ മുണ്ടുപാറ സ്വാഗതവും സിറാജ് ഖാസിലേൻ നന്ദിയും പറഞ്ഞു.