സ്വന്തമായി ഒരു മേൽവിലാസം; അതായിരുന്നു 1977ൽ പ്രവാസ ജീവിതം തുടങ്ങുമ്പോൾ ബാപ്പു ഹാജിയുടെ മനസു നിറയെ. പക്ഷെ, ആഗ്രഹം മാത്രം പോര, ആത്മവിശ്വാസവും കഠിനാദ്ധ്വാനവും വേണം. 8000 രൂപയ്ക്ക് വിസ തരപ്പെടുത്തി സഹോദരി ഭർത്താവിനൊപ്പം ബഹ്റിനിലേക്ക് പറന്നു. തുണിക്കടയിൽ ജോലി കിട്ടി. വാപ്പയുടെ കടയിൽ നിന്നതിന്റെ അനുഭവ സമ്പത്തുമായി ഒരു കൂട്ടം സുഹൃത്തുകളുടെ സഹായത്തോടെ ബഹ്റിനിൽ തുണിക്കട ആരംഭിച്ചു. 1981 വാപ്പയെ സഹായിക്കാൻ പ്രവാസ ജീവിതം മതിയാക്കി. മൂന്ന് വർഷം ഷോപ്പിൽ. നാട്ടിൽ ജോലിയിൽ മുഴുകിയ നേരവും മനസുനിറയെ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തന്നെയായിരുന്നു. 1983ൽ സഹോദരന്റെ വേർപാട് വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. നേട്ടങ്ങൾക്കിടയിലും മനസ് പിടയ്ക്കുന്ന നൊമ്പരം. സഹോദരന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വവും പി.കെ.ക്ലോത്ത് മാർട്ടിന്റെ നടത്തിപ്പും ഏറ്റെടുക്കുമ്പോൾ മനസിലുറപ്പിച്ചിരുന്നു വാപ്പയുടെ പേര് കളങ്കപ്പെടുത്തില്ലെന്ന്. 6 വർഷത്തിന് ശേഷം 1989ൽ കുന്ദമംഗലത്തും സമീപ പ്രദേശങ്ങളിലും റെഡിമെയ്ഡ് ഷോപ്പുകളില്ലാത്ത കാലം, സിന്ദൂർ എന്ന പേരിൽ ടെക്സ്റ്റയിൽസ് ആരംഭിച്ചു. ചെറിയ സംരംഭത്തിൽ നിന്ന് വർഷങ്ങളുടെ ശ്രമഫലമായി ബിസിനസ് പടർന്നു. ഇന്ന് കുന്ദമംഗലത്തെ വ്യവസായ പ്രമുഖരിൽ ഒരാളാണ് ബാപ്പു ഹാജി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി, ടെക്സ്റ്റൈൽ ഡീലേർസ് അസോസിയേഷൻ ജില്ലാ ട്രഷറർ,ദയാപുരം ഷെയ്ഖ് അൻസാരി ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
@ തലയെടുപ്പോടെ സിന്ദൂർ
വസവസ്ത്ര വ്യാപാര രംഗത്ത് വിസ്മയം തീർത്ത ബാപ്പു ഹാജിയുടെ ചിന്തകളും പ്രവൃത്തികളും വേറിട്ടതായിരുന്നു. ഗുണമേന്മയുള്ള വസ്ത്രങ്ങൾ മാത്രം വിൽക്കുന്ന വ്യാപാരശാലകളായിരിക്കണം തന്റേതെന്ന ദൃഢനിശ്ചയമാണ് 32 വർഷത്തെ സിന്ദൂറിന്റെ വിജയം. വസ്ത്ര വ്യാപാര രംഗത്ത് വെല്ലുവിളികൾ നിറഞ്ഞ കാലത്ത് അതിജീവിച്ച് മുന്നോട്ടുതന്നെയാണ് സിന്ദൂർ. ബാപ്പു ഹാജിയെന്ന കരുത്തനായ സംരംഭകന്റെ വിജയം കൂടിയാണിത്. സിന്ദൂറിന് സമീപം ജെന്റസ് ഷോപ്പും ആരംഭിച്ചിട്ടുണ്ട്.
@ വോളിബാളിനോട് കമ്പം
ഇന്നും കോഴിക്കോടിന്റെ മണ്ണിൽ ടൂർണമെന്റ് ഉണ്ടെന്നറിഞ്ഞാൽ ബാപ്പു ഹാജി അവിടെയെത്തും. വോളിബാളിന്റെ ആദ്യപാഠം പഠിപ്പിച്ചെടുത്തത് കരുണൻ മാഷിൽ നിന്നായിരുന്നു. സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ദേവഗിരി കോളേജിൽ എത്തിയതോടെയാണ് വോളിബാൾ ക്യാമ്പുകളിൽ സജീവമായത്. സ്പോർട്സ് മേഖലയിൽ വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും നേട്ടമായി ഇന്നും ഓർക്കുന്നത് ജിമ്മി ജോർജ്, ജോസ് ജോർജ് സഹോദരങ്ങളുടെ പരിശീലനമാണ്. നിലവിൽ വോളിബാൾ അസോസിയേഷൻ ജില്ലാ ട്രഷററാണ്.
@ എന്തിനും ആദ്യം
സംരംഭം എന്തുമാകട്ടെ കുന്ദമംഗലത്ത് ആദ്യം ആരംഭിച്ചയാൾ എന്ന വിശേഷണവുമുണ്ട് ബാപ്പു ഹാജിക്ക്. റെഡിമെയ്ഡ് ഷോപ്പ്, ഹോം അപ്ളയൻസ്, സൂപ്പർ മാർക്കറ്റ്, എ.സി ഷോറൂം,കമ്പ്യൂട്ടറൈസ്ഡ് ബില്ലിംഗ് എന്നിവയ്ക്കെല്ലാം കുന്ദമംഗലത്ത് തുടക്കമിട്ടത് ഇദ്ദേഹമായിരുന്നു. ടൂറിസ്റ്റ് ബസും കുട്ടി ബസും കുന്ദമംഗലത്ത് ആദ്യമായി നിരത്തിലിറക്കിയിതും ബാപ്പു ഹാജിയാണ്. യാത്രയോട് അന്നും ഇന്നും പ്രണയമായിരുന്നു. അതു പോലെ വാഹനങ്ങളോടും. കുന്ദമംഗലത്ത് ആദ്യമായി മാരുതി 800 സ്വന്തമാക്കുന്നതും ഇദ്ദേഹമാണ്. 'അറിയാത്ത ബിസിനസിലേക്ക് പോവരുത്. നഷ്ടമാണെന്ന് തോന്നിയാൽ ആ നിമിഷം ഉപേക്ഷിക്കണം' അതാണ് ബാപ്പു ഹാജിയുടെ നയം. മുതൽമുടക്കിയത് ചോർന്നുപോയതിനെക്കുറിച്ച് വേവലാതിപ്പെടാറില്ല. പ്രതീക്ഷിക്കാതെ വരുമാനം കൂടിവരുന്നതിൽ അമിതമായി ആഹ്ളാദിക്കാറുമില്ല. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കുന്നതാണ് ശീലം. കഴിയുംവിധം ആളുകളെ സഹായിക്കുന്നത് പുണ്യമായി കരുതുകയാണ്. ഷെയ്ഖ് അൻസാരി ഫൗണ്ടേഷനിലൂടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നുണ്ട്. വലംകൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് അതാണ് ബാപ്പു ഹാജിയുടെ തത്വം.
@ കോട്ടൺ മാസ്കുകൾക്കായി ഒരിടം
കൊവിഡ് പശ്ചാത്തലത്തിൽ സർജിക്കൽ മാസ്കിന്റെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായതോടെയാണ് തിരുപ്പൂരിലെ സുഹൃത്തിന്റെ സഹായത്തോടെ മാസ്ക് നിർമ്മാണം ആരംഭിക്കുന്നത്. 5000ത്തോളം മാസ്കുകൾ ആദ്യഘട്ടത്തിൽ നിർമ്മിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. ഏതാണ്ട് ഇന്നിപ്പോൾ ഒരു ലക്ഷം മാസ്ക് വിറ്റുകഴിഞ്ഞു. വില്പന കൂടിയത്തോടെ ജെൻസ് ഷോപ്പിന് സമീപം ഒരു ഒൗട്ട്ലെറ്റ് ആരംഭിച്ചു.
@ കാരുണ്യ പ്രവർത്തനത്തിലും കൈയൊപ്പ്
ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് നിരീക്ഷണത്തിലുള്ള 50 ഒാളം പേർക്ക് വസ്ത്രങ്ങൾ നൽകി. കുന്ദമംഗലത്തിന്റെ വികസനത്തിലും ഇദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. ഷെയ്ഖ് അൻസാരി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 35 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകി. കൂടാതെ എല്ലാ മാസവും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 75000 രൂപയുടെ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. കാരുണ്യ പ്രവർത്തനങ്ങളിലേക്ക് നയിച്ചത് വാപ്പയാണ്. അദ്ദേഹത്തിന്റെ സ്വത്തിന്റെ ഒരു പങ്ക് ബാപ്പു ഹാജിയുടെ പേരിലാണ് എഴുതിവെച്ചത്. അതിൽ നിന്ന് കിട്ടുന്ന വരുമാനം പാവങ്ങൾക്ക് ഭക്ഷണം നൽകാൻ ഉപയോഗിക്കണമെന്നായിരുന്നു വാപ്പയുടെ നിർബന്ധം. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരംപ്രതി ഇന്നും അനുസരിക്കുന്നു. കുന്ദമംഗലത്തെ ട്രാഫിക് കുരുക്കിന് പരിഹാരം കാണുന്നതിനായി കുന്ദമംഗലം അങ്ങാടിയിൽ മുക്കം റോഡ് ജംഗ്ഷൻ വീതി കൂട്ടാൻ ഭൂമി സൗജന്യമായി നൽകിയതും ബാപ്പു ഹാജിയായിരുന്നു.
@ കുടുംബം
സുബൈദയാണ് ഭാര്യ. മൂത്ത മകൻ സോഹൈബ്, കോഴിക്കോട് ഐ.ടി കമ്പനി നടത്തുന്നു. രണ്ടാമത്തെ മകൻ സിയാദ് നെതർലാൻഡിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. ഇളയമകൻ ഷീറാസ് ബിസിനസ് ചെയ്യുന്നു. മകൾ സുനൈന ഖത്തറിൽ.