കോഴിക്കോട്: പുറംലോകം കാണാതെ വീട്ടിലിരിക്കുന്ന ഈ കൊവിഡ് കാലത്ത് എന്ത് പിറന്നാൾ ? ഫോണിലൂടെ 87-ാം പിറന്നാൾ ആശംസകൾക്ക് നന്ദി പറയുമ്പോൾ അക്ഷര കുലപതി എം.ടി.വാസുദേവൻ നായർ പതിഞ്ഞ ശബ്ദത്തിൽ ഇങ്ങനെയൊരു ചോദ്യം കൂടി ഉയർത്തുന്നുണ്ട്.
ഇത്രയും നാൾ വീട്ടിൽ ഒതുങ്ങിക്കഴിയുന്നത് ഇതാദ്യം. ഈ കാലവും കടന്നുപോകുമെന്നാണ് പ്രതീക്ഷ; എം.ടി കൂട്ടിച്ചേർക്കുന്നു.
പിറന്നാളായ ഇന്നലെ ആഘോഷമൊന്നുമുണ്ടായിരുന്നില്ല 'സിതാര' യിൽ. പതിവുപോലെ പത്രം വായന. പിന്നെ ആനുകാലികങ്ങൾക്കു പുറമേ കൂട്ടായി പുസ്തകങ്ങളും.
മുൻവർഷങ്ങളിൽ ആശംസ നേരാൻ പലരും എത്തിയിരുന്നെങ്കിൽ ഇത്തവണ അതൊന്നുമുണ്ടായില്ല. മകൾ അശ്വതിയും കുടുംബവും എത്തിയിരുന്നു. പിറന്നാൾ മധുരമായി ഭാര്യ കലാമണ്ഡലം സരസ്വതി പായസം ഒരുക്കിയതു മാത്രമാണ് സ്‌പെഷ്യൽ.
ആശംസയർപ്പിച്ച് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവരുടെ വിളിയെത്തി. സിനിമാ മേഖലയിൽ നിന്നു മോഹൻലാൽ, ജയറാം തുടങ്ങിയവരും വിളിച്ചിരുന്നു.
ജനനത്തീയതി പ്രകാരമാണ് എം.ടിക്ക് ഇന്നലെ 87 തികഞ്ഞത്. കൂടല്ലൂരിൽ 1933 ജൂലായ് 15-നാണ് ജനനം. കർക്കടകത്തിലെ ഉതൃട്ടാതിയാണ് നാൾ. അതനുസരിച്ച് ആഗസ്റ്റ് എട്ടിനാണ് പിറന്നാൾ വരിക. കുറച്ചു വർഷം മുമ്പുവരെ ജന്മനാളിൽ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോകുമായിരുന്നു. വർഷംതോറും കർക്കടകത്തിൽ കോട്ടയ്ക്കലിൽ നടത്താറുള്ള സുഖചികിത്സയും ഇക്കുറിയില്ല. ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചിട്ട് 25 വർഷം തികയുന്നുവെന്നത് ഈ പിറന്നാളിന്റെ പ്രത്യേകതയാണ്.
വായനാദിനത്തിൽ 'സിതാര'യിൽ ഒരുക്കിയ സഹകരണ സ്ഥാപനത്തിന്റെ പുസ്തക കൈമാറ്റമായിരുന്നു കൊവിഡ് കാലത്ത് പങ്കാളിയായ ഏക ചടങ്ങ്. നടത്തവും വീട്ടിൽ തന്നെയായി.